മുഖ്യമന്ത്രിയുടെ ആദ്യ മുഖാമുഖത്തിന് സ്പോൺസർ ഇല്ല; പന്തലിടാൻ 18 ലക്ഷം സർക്കാർ നൽകി, നടപടി മന്ത്രി ബിന്ദുവിന്റെ ആവശ്യപ്രകാരം

തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിക്ക് സ്‌പോൺസർഷിപ്പില്ലാതെ സർക്കാർ ചിലവിൽ തുടക്കം. ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ആദ്യ മുഖാമുഖം. ഇതിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ആവശ്യപ്രകാരം 18,03,490 രൂപ അനുവദിച്ച് ഉത്തരവായി. പരിപാടിക്കുള്ള തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എന്നാൽ അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നേരിട്ട് ഇടപെട്ട് തുക അനുവദിപ്പിച്ചത്.

വിവിധ ജില്ലകളിലായി വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍,മഹിളകള്‍, ആദിവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുക. പരിപാടി നടക്കുന്ന ഹാള്‍, സൗണ്ട് സിസ്റ്റം, എല്‍ഇഡി വാള്‍, അനുബന്ധ സൗകര്യങ്ങള്‍, ലഘുഭക്ഷണം തുടങ്ങി എല്ലാ ചിലവുകളും സംഘാടക സമിതി തന്നെ കണ്ടെത്തണം. ഇതിന് നവകേരള സദസിന്റെ മാതൃകയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിനു കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ തന്നെ ഈ ചിലവും ഏറ്റെടുക്കുന്നത്. നവകേരള സദസിന്റെയും കേരളീയം പരിപാടിയുടെയും കണക്കുകള്‍ ഒന്നും പുറത്തുവിടാത്ത സര്‍ക്കാരാണ് പുതിയൊരു പരിപാടിക്ക് വീണ്ടും വലിയ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ക്ഷേമ പെൻഷൻ പോലും നൽകാതിരിക്കുന്ന സമയത്താണ് ഈ അധികച്ചിലവ്.

മുഖാമുഖം പരിപാടിയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് മുഖ്യമന്ത്രി സംവദിക്കുന്നത്. ഒരാള്‍ക്ക് 1 മിനിറ്റാണ് അനുവദിക്കുക. സംസാരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് വിഷയം എഴുതി നല്‍കാനും അവസരമുണ്ടാകും. ഓരോ പരിപാടിയിലും 2000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് യുവാക്കളുമായും 22ന് എറണാകുളത്ത് വനിതകളുമായും മുഖ്യമന്ത്രി സംവദിക്കും. 24ന് കണ്ണൂരാണ് ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം. 25ന് തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായും 26ന് ഭിന്നശേഷിക്കാരുമായും 27ന് തിരുവനന്തപുരത്ത് മുതിര്‍ന്ന പൗരന്‍മാരുമായും മുഖ്യമന്ത്രി സംസാരിക്കും. കൊല്ലത്ത് 29നാണ് തൊഴിലാളികളുമായുള്ള മുഖാമുഖം. മാര്‍ച്ച് 2ന് ആലപ്പുഴയില്‍ കാര്‍ഷിക മേഖലയിലുളളവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 3ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായുളള സംവാദത്തോടെയാകും മുഖാമുഖം പരിപാടി അവസാനിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top