‘ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു, രണ്ടുപേരുടെയും കൂടെ കൂടാൻ കൊള്ളില്ല’: വി.ഡി.സതീശൻ
കൊച്ചി: ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രണ്ട് പേരും തമ്മിൽ കണ്ടാൽ മിണ്ടില്ല. ഇവർ എൽ.പി സ്കൂൾ കുട്ടികളാണോ എന്നാണ് സതീശൻ ചചോദിച്ചത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിനെയും ക്രിമിനലുകളെയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും. അതേസമയം ഗവർണർക്കെതിരെ കരിങ്കൊടി പ്രകടനം നടത്താനുള്ള എല്ലാ സൗകര്യവും സർക്കാർ ഒരുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.
‘മുഖ്യമന്ത്രിക്കെതിരെ ഒരു പ്രതിഷേധവും പാടില്ല. ഗവർണർക്കെതിരെ സ്വന്തം ആളുകളെ ഇളക്കിവിടുന്നു. ഗവർണർക്ക് സുരക്ഷ കൊടുക്കേണ്ട സർക്കാർ തന്നെ ഗവർണറെ വഴിയിൽ തടയാൻ വഴിയൊരുക്കുന്നു. ഇത് നാടകം അല്ലാതെ മറ്റെന്താണ്? ഇതാണോ കേന്ദ്ര വിരുദ്ധ സമരം? കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രിക്ക് ഭയമാണ്’ ; സതീശൻ പറഞ്ഞു. ഗവർണർ നിയമസഭയെ അവഹേളിച്ചിട്ടും സർക്കാരിനെ കടന്നാക്രമിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത് ഭയം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരും ഗവർണറും ചേർന്നുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തിട്ടുള്ളതെന്നും രണ്ട് കൂട്ടരുടെയും കൂടെ കൂടാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here