തന്നെ വിമർശിച്ച മുൻ ജഡ്ജിക്കെതിരെ രൂക്ഷ ആരോപണം ഉയർത്തി ഗവർണർ ആരിഫ് ഖാൻ; പരാമർശം ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോൺക്ലേവിൽ

ചെന്നൈ: കേരള സർക്കാരുമായുള്ള കേസിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനെതിരെ ഗുരുതര ആരോപണം പുറത്തുവിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നരിമാന്‍റെ പിതാവും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്. നരിമാനും ജൂനിയർ അഭിഭാഷകരും നിയമോപദേശത്തിന് പ്രതിഫലമായി കേരള സർക്കാരിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ഗവർണർ തുറന്നടിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ചെന്നൈയിൽ നടത്തിയ കോണ്‍ക്ലേവില്‍ തന്നോട് ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ബില്ലുകള്‍ പാസാക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നു എന്നാരോപിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ ആയിരുന്നു മുൻ ന്യായാധിപൻ്റെ വിമര്‍ശനം. “കാലങ്ങളായി ന്യൂനപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിലെ ഗവര്‍ണര്‍, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ 23 മാസം വരെ സമയമെടുത്തു എന്നതാണ് 2023ല്‍ ഏറ്റവും ആലോസരപ്പെടുത്തിയ കാര്യങ്ങളില്‍ ഒന്ന്. വിഷയം സുപ്രീം കോടതിയിൽ എത്തിയപ്പോൾ ബില്ലുകളില്‍ ഒരെണ്ണം പാസ്സാക്കുകയും ബാക്കി ഏഴ് എണ്ണം രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു.” കഴിഞ്ഞ ഡിസംബറിൽ നരിമാൻ നടത്തിയ ഈ പരാമർശത്തോടാണ് ഗവർണർ രൂക്ഷമായി പ്രതികരിച്ചത്.

“അച്ഛന്‍ കേരള സർക്കാരിൽ നിന്ന് പണം കൈപ്പറ്റുമ്പോൾ, അതേ സർക്കാരിനെതിരെ കേസ് നടത്തുന്ന ഗവര്‍ണര്‍ക്കെതിരെ മകൻ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നു. ഇത് നീതിക്ക് ചേർന്ന പ്രവൃത്തി അല്ല”; ഗവര്‍ണര്‍ തുറന്നടിച്ചു.

സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളിലുള്ള ബില്ലുകളാണ് താൻ ഒപ്പിടാതെ മാറ്റിവച്ചതെന്ന് ഗവർണർ വിശദീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റി, അവിടേക്ക് നിയമനം നടത്താൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ബില്ലുകളാണ് അവയിലൊന്ന്. അത് നടപ്പായാൽ സർക്കാരിന് അധികച്ചിലവ് ഉണ്ടാകും. അത് മറികടക്കാൻ സാമ്പത്തിക ബാധ്യത സർവകലാശാലകളുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top