ഗവര്‍ണര്‍ക്ക് എതിരെ നടന്നത് സ്റ്റേറ്റിനെതിരെയുള്ള കുറ്റകൃത്യം; വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടായതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്ഭവന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടിനോടൊപ്പം കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഗവര്‍ണറെ അക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഗവര്‍ണറുടെ പ്രതിഷേധത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ പോലീസ് ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്.കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്എഫ്ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. യദൂകൃഷ്ണന്‍(23), ആഷിഖ് പ്രദീപ്(24), ആഷിഷ് ആര്‍.ജി(24), ദിലീപ്(25), റയാന്‍(24), റിനോ സ്റ്റീഫന്‍(23) എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്) റിമാന്‍ഡ് ചെയ്തത്. ബുധനാഴ്ച എല്‍.എല്‍.ബി പരീക്ഷ ഉള്ളതിനാല്‍ പ്രതികളില്‍ ഒരാളായ അമന്‍ഗഫൂ(22)റിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here