എസ്എഫ്ഐ സിദ്ധാര്‍ത്ഥനോട് കാണിച്ചത് ക്രൂരതയെന്ന് ഗവര്‍ണര്‍; വിദ്യാര്‍ഥിയുടെ വീട്ടിലെത്തി സമാശ്വാസ വാക്കുകള്‍ പറഞ്ഞ് മടക്കം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജില്‍ ക്രൂര റാ​ഗിങ്ങിനിരയായ ശേഷം ജീവനൊടുക്കിയ നിലയില്‍ കണ്ട സിദ്ധാര്‍ത്ഥന്‍റെ വീട് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദര്‍ശിച്ചു. വിദ്യാർഥിയോട് കാണിച്ചത് ക്രൂരതയാണെന്നും രാഷ്ട്രീയ അക്രമങ്ങൾക്ക്, മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘കുടുംബം നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പോലീസും സർവകലാശാലയും പറയുന്നു. എല്ലാവർക്കും അക്കാര്യം അറിയാം. മിടുക്കനായ വിദ്യാർഥിയെയാണു നഷ്ടമായത്. കേരളം സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമാണ്. ഇവിടെ ചില ശക്തികൾ ക്രിമിനൽവൽക്കരണം നടത്തുകയാണ്.

വിദ്യാർഥി നേതാക്കളുടെ പേരിലുള്ള പോലീസ് കേസുകൾ വർഷങ്ങൾ നീണ്ടുപോകും. ജോലിക്കോ, പാസ്പോർട്ടിനോ അപേക്ഷിക്കാനാകില്ല. അവർ കാലക്രമേണ നേതാക്കളുടെ അടിമകളായി മാറും. യുവജനങ്ങളുടെ ജീവിതം നശിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതേക്കുറിച്ച് ആലോചിക്കണം. പ്രവർത്തന രീതികളിൽ മാറ്റം വരുത്തണം. വിദ്യാര്‍ഥിയുടെ മരണത്തിൽ വളരെ വേദനയുണ്ട്. തന്റെ മനസ് കുടുംബത്തോടൊപ്പമുണ്ട്.” ഗവർണർ പറഞ്ഞു.

മന്ത്രി ജി.ആര്‍.അനിലും സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി. സർക്കാർ നിക്ഷ്പക്ഷമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കുടുംബത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. തിരുവനന്തപുരത്ത് സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറി. കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. എസ്എഫ്ഐയെ ക്രിമിനല്‍ സംഘമായി മാറ്റിയത് പിണറായി വിജയനാണ്.”-വേണുഗോപാല്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കളും വസതിയിലെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top