ഗവര്‍ണര്‍ക്ക് എതിരെ എസ്എഫ്ഐയെ അയച്ചത് മുഖ്യമന്ത്രി; വധശ്രമത്തിന് കേസെടുക്കുമോയെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമിനലുകളെ അയച്ചു എന്ന് ഒരു ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നവകേരള ബസിനെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെയും വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് ‘രക്ഷാപ്രവർത്തനം’ നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണ്.
നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്-സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here