മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിടാതെ ഗവര്‍ണര്‍; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നേരിട്ടെത്താന്‍ നിര്‍ദേശം
മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണക്കടത്ത് ഹവാല കേസുകളില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥർക്ക് ഗവര്‍ണറുടെ നിര്‍ദേശം. നാളെ രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കാനാണ് ചീഫ്‌സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് വിളിച്ചുവരുത്തിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് നടന്നത് ആരൊക്കെയാണ് ഇതിന് പിന്നില്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നാലെ തന്നെ വിഷയത്തില്‍ ഗവര്‍ണര്‍ കടുത്ത പ്രതികരണം നടത്തിയിരുന്നു. ഇത്രയും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടും ഭരണത്തലവനായ തന്നില്‍ നിന്നും ഇത് മറച്ചുവച്ചത് എന്തിനാണെന്നായിരുന്നു ഗവര്‍ണര്‍ ചോദിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനം എന്തിനു വേണ്ടിയായിരുന്നു എന്നും കത്തില്‍ ചോദിച്ചിരുന്നു. ഗൗരവമായ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഉടന്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് തന്നെ വിളിച്ചുവരുത്തുക എന്ന കടുത്ത നടപടി ഗവർണർ സ്വീകരിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here