അടങ്ങാതെ ഗവര്‍ണര്‍; ‘വിശ്വാസം ഹിന്ദുവിനെ’; രാഷ്ട്രപതിയെ വിവരം അറിയിക്കുന്നത് ദൗത്യമെന്നും ആരിഫ് മുഹമ്മദ് ഖാന്‍
രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ലെന്ന കടുത്ത വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറം ജില്ലയില്‍ നടന്ന സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടിലെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശം ഗൗരമായതാണ്. ഇക്കാര്യം സംബന്ധിച്ച് തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത് 20 ദിവസത്തിന് ശേഷമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മുഖ്യമന്ത്രിക്ക് ഒളിക്കാന്‍ എന്തൊക്കെയോ ഉണ്ട്. അതിനാലാണ് ഈ രീതിയില്‍ പ്രതികരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അച്ചടിച്ചു വന്ന അഭിമുഖത്തിലെ വിവാദ ഭാഗം പിആര്‍ ഏജന്‍സി നല്‍കിയതെന്നാണ് ദ ഹിന്ദു പത്രം വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പിആര്‍ ഏജന്‍സിയുമായി ബന്ധമില്ല എന്നാണ്. എന്നാല്‍ എന്തുകൊണ്ട് ഹിന്ദു പത്രത്തിനെതിരെ കേസ് നല്‍കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. അതുകൊണ്ട് തന്നെ തനിക്ക് വിശ്വാസം ഹിന്ദുവിനെ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. അത് ചെയ്യും. ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരുമായി പോരിന് നില്‍ക്കുന്നു എന്ന് പറഞ്ഞ് വിഷയത്തെ തിരച്ചുവിടാന്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം പറഞ്ഞ് രാജ്ഭവനില്‍ എത്തിയിരുന്നു. അന്ന് ഇല്ലാത്ത പ്രശ്‌നങ്ങളാണ് താന്‍ വിളിച്ചുവരുത്തിയപ്പോള്‍ ഉന്നയിക്കുന്നത്. ഗവര്‍ണറുടെ അധികാരം എന്തെന്ന് മുഖ്യമന്ത്രിക്ക് ഉടന്‍ ബോധ്യപ്പെടുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here