വൈസ്ചാന്‍സലറെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത് ആദ്യം; സവിശേഷ അധികാരം പ്രയോഗിച്ച് കൈയ്യടി നേടി ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : ഒരു സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്കെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം. സവിശേഷമായ അധികാരമുണ്ടെങ്കിലും ഇതുവരെയുള്ള ഗവര്‍ണര്‍മാര്‍ ഇത് പ്രയോഗിച്ചിട്ടില്ല. നിലവില്‍ സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരുമായി കടുത്ത ഏറ്റുമുട്ടലിലുള്ള ഗവര്‍ണര്‍ അധികാരം ഉപയോഗിച്ച് കൈയ്യടി നേടിയിരിക്കുകയാണ്. വിസിക്കെതിരായ നടപടി ഉത്തരവില്‍ അത്യപൂര്‍വ്വമായ അധികാരമെടുക്കാന്‍ നിര്‍ബന്ധിതനായി എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്ഭവനില്‍ നിന്ന പുറത്തിറക്കുന്ന ഉത്തരവില്‍ സെക്രട്ടറിമാര്‍ ഒപ്പിടുന്നതായിരുന്നു പതിവ്. എന്നാല്‍ ഈ ഉത്തരവില്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് ഒപ്പു വച്ചിട്ടുമുണ്ട്.

സര്‍വകലാശാല നിയമത്തിലെ പ്രധാന അധികാരമാണ് ഗവര്‍ണര്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് മുന്‍ കേന്ദ്രസര്‍വ്വകലാശാല വിസി ഡോ.ജി.ഗോപകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കേരളത്തില്‍ ഇത്തരത്തില്‍ ഒരു നടപടി ഒരു ചാന്‍സലര്‍മാരും എടുത്തിട്ടില്ല. അത്യപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രം സ്വീകരിക്കാറുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെറ്ററിനറി വിസിയുടെ പിഴുവുകള്‍ എണ്ണി പറഞ്ഞാണ് ഗവര്‍ണറുടെ ഉത്തരവ്. സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലും അച്ചടക്കം കൊണ്ടു വരുന്നതിലും വിസി പൂര്‍ണ്ണമായും പരാജയപ്പെട്ടു. കോളജില്‍ മൂന്ന് ദിവസമായി നടന്ന ക്രൂരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അതിനാലാണ് അത്യപൂര്‍വ്വമായ നടപടിയെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനും അധ്യാപകര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനും വലിയവെല്ലുവിളിയാണ് ഗവര്‍ണറുടെ നടപടി. കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തത് ഒഴിച്ചാല്‍ മറ്റ് നടപടികളൊന്നും ഈ കേസില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഒപ്പമെന്ന് പറയുമ്പോഴും നടപടികള്‍ ഉണ്ടാകാത്തതില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബവും വിമര്‍ശനം ഉന്നിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top