ഗവര്‍ണര്‍ കലിപ്പില്‍ തന്നെ; നയപ്രഖ്യാപനം 75 സെക്കന്‍ഡില്‍ അവസാനിപ്പിച്ചു; എന്റെ സര്‍ക്കാരെന്ന് പറയാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ; മുഖ്യമന്ത്രിക്ക് മുഖം നല്‍കാതെ തിടുക്കത്തില്‍ മടക്കം

തിരുവനന്തപുരം : നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നാടകീയ നീക്കം. നയപ്രഖ്യാപന പ്രസംഗം വേഗത്തില്‍ അവസാനിപ്പിച്ച് നിയമസഭയില്‍ നിന്നും മടങ്ങി. ഒരു മിനിറ്റും 15 സെക്കന്‍ഡും മാത്രമാണ് പ്രസംഗം നീണ്ടു നിന്നത്. സ്പീക്കറേയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അഭിസംബോധന ചെയ്ത ശേഷം അവസാന ഭാഗം വായിക്കുകയാണെന്ന് പറയുകയായിരുന്നു. എന്റെ സര്‍ക്കാരെന്ന പതിവ് വിശേഷണം വായിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ഗവര്‍ണര്‍ പുലര്‍ത്തി. പ്രസംഗം അവസാനിപ്പിച്ച ശേഷം വേഗത്തില്‍ നിയമസഭയില്‍ നിന്ന് മടങ്ങുകയും ചെയ്തു.

നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോള്‍ മുതല്‍ തന്നെ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു ഗവര്‍ണര്‍. ബൊക്കെ നല്‍കി സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തു പോലും നോക്കിയില്ല. വേഗത്തില്‍ നിയമസഭയ്ക്കുള്ളിലേക്ക് കടക്കുകയാണ് ചെയ്തത്. നിയമസഭയില്‍ ചിലവിട്ട മിനിറ്റുകളില്‍ ആരുമായും ആശയവിനിമയം നടത്താന്‍ ഗവര്‍ണര്‍ തയാറായില്ല. സ്പീക്കര്‍ക്ക് പോലും ഹസ്തദാനം നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടത്.

നയപ്രഖ്യാപന പ്രസംഗം എത്ര വായിക്കണം എന്നത് ഗവര്‍ണ്ണറുടെ വിവേചനാധികാരമാണ്. സാങ്കേതികമായി ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയെങ്കിലും അത് സര്‍ക്കാറിനോടുള്ള അഭിപ്രായ ഭിന്നത പങ്കുവയ്ക്കുന്നതായി. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വായിക്കാതിരിക്കുന്നത് നിയമസഭയില്‍ പതിവുള്ളതാണ്. എന്നാല്‍ ഇത്രയും ചുരുങ്ങിയ പ്രസംഗം ആദ്യമാണ്. ജ്യോതി വെങ്കിടാചലം ഗവര്‍ണറായിരുന്ന സമയത്ത് നടത്തിയ ആറ് മിനിറ്റ് നീണ്ട പ്രസംഗമാണ് ഇതിനു മുമ്പുള്ള ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം.

നയപ്രഖ്യാപന പ്രസംഗം അരമണിക്കൂറെങ്കിലും ഗവര്‍ണര്‍ വായിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു സര്‍ക്കാര്‍. ഇന്നലെ റിപ്പബ്ളിക് ദിനം വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ‘അറ്റ് ഹോം’ പരിപാടിക്ക് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് മഞ്ഞുരുകലിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top