വീണ്ടും ഗവർണർ സർക്കാർ പോര്; സർക്കാർ കോടതി വിധിയുമായി വരട്ടെ; മുഖ്യമന്ത്രിക്കും മാധ്യമങ്ങൾക്കും രൂക്ഷ വിമർശനം

തിരുവനന്തപുരം: ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ബില്ലുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ ബാധ്യത നിർവഹിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ചു. അവർത്തിച്ചാവശ്യപ്പെട്ടിട്ടും ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി ഒരു തവണ പോലും എത്തിയില്ല. ബില്ലുകളുടെ കാര്യത്തിൽ വിശദീകരിക്കാൻ മന്ത്രിമാരെ അയക്കുന്നു. സർക്കാർ കാര്യങ്ങൾ മുഖ്യമന്ത്രി രാജ്ഭവനെ ധരിപ്പിക്കണമായിരുന്നു. ഗവർണർ റബ്ബർ സ്റ്റാംപ് ആണെന്ന് കരുതരുത്. സമ്മർദങ്ങൾക്ക് വഴങ്ങില്ല.

പരാതിയുണ്ടെങ്കിൽ സർക്കാർ സുപ്രീംകോടതിയിൽ പോകട്ടെ. സുപ്രീംകോടതി വിശുദ്ധ പശുവാണ്. കോടതി പറയുന്നത് പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. സർക്കാർ കോടതി വിധിയുമായി വരട്ടെ. ബംഗാൾ കേസിലെ പരാമർശം തനിക്കുള്ള ഓർമ്മപ്പെടുത്തലായി കരുതുന്നില്ലെന്നും ഗവർണർ പറഞ്ഞു.

അതേ സമയം, മാധ്യമങ്ങളെയും ഗവർണർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മാധ്യമങ്ങൾ സെൻസേഷന് വേണ്ടി ശ്രമിക്കുകയാണ്. മാധ്യമ പ്രവർത്തനം പരിഹാസ്യമാക്കിയെന്നും മാധ്യമങ്ങളെ സമ്മർദത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

അഞ്ച് മാസംമുതൽ രണ്ട് വർഷംവരെയുള്ള എട്ട് ബില്ലുകളാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പിടിച്ചു​വെച്ചിരിക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, ലോകായുക്ത ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനം എടുക്കാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top