സിദ്ധാർത്ഥന്റെ മരണത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദാക്കണം; വെറ്ററിനറി സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് വെറ്ററിനറി സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം നിർദ്ദേശം നൽകി. നിയമോപദേശം തേടാതെ സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ വിശദമായി റിപ്പോർട്ട് സമർപ്പിക്കാനും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്തതിൽ നേരിട്ട് പങ്കാളികളാകുകയോ സംഭവം അധികൃതരിൽ നിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. ആന്റി റാഗിങ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിൽ 33 പേരുടെ സസ്പെൻഷനാണ് റദ്ദാക്കിയത്.

കേസിൽ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല. സിബിഐ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ പോലീസും കേസ് അന്വേഷണത്തിൽ നിന്ന് പിന്മാറിയ സ്ഥിതിയാണ്. തൽക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിക്കാനാണോ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആശങ്കയിലാണ് കുടുംബം. തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥന്റെ മരണത്തില്‍ സര്‍ക്കാരും സര്‍വകലാശാലയും ഒത്തുകളിക്കുന്നുവെന്നും നീതി വൈകിയാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top