ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി പ്രവർത്തകൻ റിമാൻഡിൽ; കള്ളക്കേസെന്ന് സംഘടനാ നേതൃത്വം

അടൂര്‍: ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്ത സുധി സദനടക്കം രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിൽ. പന്തളം എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണുവിനൊപ്പമാണ് സുധിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളുടെ പേരിലുള്ളത് കള്ളക്കേസാണെന്നും ആസൂത്രിതമെന്നും എബിവിപി നേതൃത്വം പ്രതികരിച്ചു.
കോളജിലെ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോളജിൽ എസ്എഫ്ഐ- എബിവിപി സംഘർഷമുണ്ടായിരുന്നു. തുടർന്ന് പന്തളം പോലീസ് എത്തി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് ഓടിച്ചു. തുടർന്ന് കോളജിലെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയിരുന്നു. എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചുള്ള കേസിലാണ് ഇരുവരെയും ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
സംഭവത്തിന് പിന്നാലെ കേസിലെ മറ്റൊരു പ്രതി ശ്രീനാഥിൻ്റെ വീട് ഒരു സംഘം ആക്രമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയിരുന്നു സംഭവം. ഇതിനുപിന്നിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here