ആത്മഹത്യ ചെയ്ത കർഷകന് ആദരാഞ്ജലിയർപ്പിച്ച് ഗവർണർ; മൃതദേഹവുമായി ബിജെപി റോഡ് ഉപരോധിച്ചു

തിരുവല്ല: ആലപ്പുഴ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകൻ കെ.ജി. പ്രസാദിന് തിരുവല്ലയിലെ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസാദിന്റെ വീട്ടിലെത്തി കുടുംബത്തെയും അദ്ദേഹം സന്ദർശിക്കും.

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും
ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു. ആത്മഹത്യ ചെയ്യുമ്പോൾ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്ന സമീപനം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. പ്രസാദിന് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കണം. ഈ പദവിയിൽ ഇരുന്നുകൊണ്ട് ഞാൻ പറയേണ്ടകാര്യമല്ല. പക്ഷേ ഈ വിഷയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു.

അതേസമയം, പ്രസാദിന്റെ മൃതദേഹവുമായി നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന് റോഡ് ഉപരോധിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലൻസ് തകഴി ക്ഷേത്രം ജംക്‌ഷനിൽ എത്തിയത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലാണ് ബിജെപി റോഡ് ഉപരോധിച്ചത്.

തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ കെ.ജി. പ്രസാദ്(55) വിഷം കഴിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് തന്റെ പ്രശ്നങ്ങൾ പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. താൻ പരാജയപ്പെട്ടു പോയ കർഷകനാണെന്നും കുറേ ഏക്കറുകൾ കൃഷി ചെയ്തിട്ട് നെല്ല് സർക്കാരിന് കൊടുത്തുവെന്നും അദ്ദേഹം സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹം കൃഷി ആവശ്യത്തിന് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പി ആർ എസ് വായ്പ കുടിശിക ഉള്ളതിനാൽ ലോൺ കിട്ടിയില്ലെന്നും ശബ്ദരേഖയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top