രാജ്ഭവനടക്കം പല വേദികളില്‍ വിദ്യാരംഭം; മൂന്ന് ഭാഷകളില്‍ എഴുത്തിനിരുത്തി ഗവര്‍ണര്‍
തിരുവനന്തപുരം: കേരള രാജ്ഭവന്‍ അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. ക്ഷേത്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്ര ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളാണ് വിദ്യാരംഭത്തിന് വേദിയായത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറമ്പ്, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം – പനച്ചിക്കാട് ദേവി ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, എന്നീ പ്രധാന എഴുത്ത് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
കേരള രാജ്ഭവനില്‍ ഇതാദ്യമായാണ് വിദ്യാരംഭം. “ഓം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു” എന്നിങ്ങനെ ദേവനാഗിരിയിലും കൂടാതെ മലയാളത്തിലും അറബിയിലും ഗവര്‍ണര്‍ കുട്ടികളെ എഴുത്തിനിരുത്തി. പല ജില്ലകളില്‍ നിന്നായി 61 കുട്ടികള്‍ ആദ്യക്ഷരം കുറിക്കാന്‍ രാജ്ഭവനിലെത്തി.
സംസ്ഥാന മന്ത്രിമാര്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരും കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിച്ചു.
തുഞ്ചന്‍പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. 50 ആചാര്യന്‍മാരാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ വെളുപ്പിന് 4 മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. 35 ആചാര്യന്‍മാരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.
വിദ്യാരംഭം ചടങ്ങുകള്‍ക്ക് ശേഷമാണ് പൂജയെടുപ്പ്. പൂജക്ക് വെച്ച പുസ്തകങ്ങളും ആയുധങ്ങളും ഇന്ന് തിരിച്ചെടുക്കും. ഇതോടെ 10 ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങള്‍ക്കും അവസാനമാകും.