ഡൽഹിയിൽ എല്ലാം സെറ്റാക്കി, ലക്ഷ്യം പിണറായി സർക്കാർ മൂന്നാമതും!! സിപിഎം – സംഘപരിവാർ ഒത്തുതീർപ്പെന്ന വിലയിരുത്തലിൽ കരുതലോടെ പ്രതിപക്ഷം

സംഘബന്ധുവായി അറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറി, കറതീർന്ന സംഘിയായ രാജേന്ദ്ര അർലേക്കർ വരുമ്പോഴുണ്ടാകുന്ന മാറ്റം വളരെ വലുതാണ്. സംഘിഖാൻ ഗോബാക്ക് എന്ന് കുട്ടിസഖാക്കൾ പോലും വിളിച്ച അവസ്ഥയിൽ നിന്ന് മാറി, അർലേക്കറുടെ കൈപിടിച്ച് പോയി, കേന്ദ്രത്തിലെ അദ്ദേഹത്തിൻ്റെ ഉന്നതബന്ധങ്ങൾ ഉപയോഗിക്കാമെന്ന നിലയിൽ സഹകരണത്തിൻ്റെ പുത്തൻ സാധ്യതകൾ ആരായുകയാണ് പിണറായി സർക്കാർ. എന്നാൽ ഫെഡറൽ തത്വങ്ങൾക്കൊന്നും കേട്ടുകേൾവി പോലുമില്ലാത്ത വിധം സംസ്ഥാനത്തിൻ്റെ ലെയ്സൺ നിർവഹിക്കാൻ ഗവർണർ ഇറങ്ങിത്തിരിച്ചു എന്ന അതീവ പുതുമയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

ഗവർണറുടേയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ കേന്ദ്രവുമായി രണ്ട് ദിവസമായി നടന്ന ഡൽഹിചർച്ചകൾക്ക് പിന്നിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒത്തുതീർപ്പ് ആണെന്ന് പ്രതിപക്ഷം ആരോപിച്ച് കഴിഞ്ഞു. ആർഎസ്എസ് നേതൃത്വത്തിൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് അവരോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഗവർണർ പ്രത്യേക താൽപര്യമെടുത്ത് ഈ ചർച്ചകൾ നടത്തിയത് എന്നാണ് വിലയിരുത്തൽ. മൂന്നാം വട്ടവും പിണറായി വരട്ടെ എന്നാണ് സംഘപരിവാറിൻ്റെ താല്പര്യം. ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഗവർണർ രാജേന്ദ്ര അർലേക്കറെ ഈ ദൗത്യം ഏൽപ്പിച്ചതിന് പിന്നിൽ കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെന്നാണ് കരുതുന്നത്.

ഒരുതവണ കൂടി കോൺഗ്രസിനെ അധികാരത്തിന് പുറത്തു നിർത്തിയാൽ അനായാസമായി ബിജെപിക്ക് ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രവും സംഘപരിവാർ നേതൃത്വവും. കേരളം പോലൊരു സംസ്ഥാനത്തേക്ക് അല്ലാതെ കടന്നുകയറാൻ കഴിയില്ലെന്ന് നന്നായി മനസിലാക്കി തന്നെയാണ് ഗെയിംപ്ലാൻ ഉണ്ടാക്കിയിട്ടുള്ളത്. അതിന് ഉതകുന്ന വിധത്തിൽ സിപിഎമ്മുമായും പിണറായി വിജയനുമായും ധാരണയിലെത്തുക എന്നത് അവരുടെ ആവശ്യവുമാണ്. മറുവശത്ത് പിണറായിക്കാകട്ടെ, ലാവ്ലിൻ, മാസപ്പടി, തുടങ്ങിയ കേസുകളിലെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം പാതിവഴിയെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഒന്നിനും എതിർപ്പുണ്ടില്ലെന്നും അവർ കണക്കുകൂട്ടിയിട്ടുണ്ട്.

സിപിഎമ്മിനാകട്ടെ അദ്ദേഹം വരയ്ക്കുന്നതിന് ഒരിഞ്ചും അപ്പുറത്തേക്ക് നീങ്ങാൻ ത്രാണിയില്ലെന്ന് ഇക്കഴിഞ്ഞ കൊല്ലം സമ്മേളം അടിവരയിട്ട് ഉറപ്പിച്ചതാണ്. അത് പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ചരിത്രപ്രധാന ദൗ​ത്യത്തിന് ഗവർണർ മുന്നിട്ടിറങ്ങിയത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി അനൗദ്യോഗിക ചർച്ചയാണ് നടത്തിയത് എന്ന സർക്കാർ ഭാഷ്യം തന്നെ അണിയറയിൽ മറ്റെന്തൊക്കെയോ നടന്നതിൻ്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇടത് സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിൽ അസാധാരണമായ രഞ്ജി​പ്പി​ലേ​ക്ക് നീ​ങ്ങു​ന്നതിൽ കൃത്യമായ ഗെയിംപ്ലാനുണ്ടെന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താണ് ഈ ചർച്ചകൾ.

മോദി സർക്കാർ ഫാസിസ്റ്റല്ല എന്ന സിപിഎമ്മിൻ്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഒരു തുടക്കമായിരുന്നു. സിപിഎമ്മൊഴിച്ച് രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാർ ഫാസിസ്റ്റ് സർക്കാരെന്ന് മുദ്രകുത്തിയിട്ടും സിപിഎം വേറിട്ട നിലപാട് സ്വീകരിച്ചതിന് പിന്നിൽ പിണറായിയുടെ സ്വാധീനമെന്ന് ഉറപ്പാണ്. മറിച്ചൊരു അഭിപ്രായം പറയാൻ ഇന്നാരും മാർക്സിസ്റ്റു പാർട്ടിയിൽ ഇല്ലെന്നതിന് തെളിവു തേടേണ്ട കാര്യവുമില്ല. പിണറായിയുടെ വാക്കിന് മറുവാക്ക് പറയാൻ കേന്ദ്ര കമ്മറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ തൽക്കാലം ആരുമില്ല. എതിരഭിപ്രായം പറയാൻ സിപിഎമ്മിൽ ക്യൂബാ മുകുന്ദൻമാർ ആരുമില്ലെന്ന് കൊല്ലം സമ്മേളനം തെളിയിച്ച് കഴിഞ്ഞു. അടുത്തമാസം നടക്കുന്ന മധുര പാർട്ടി കോൺഗ്രസിലും ഇതാവർത്തിക്കും.

കേരളത്തിൽ നിന്നുള്ള എംപിമാരുമായി സർക്കാർ പതിവായി നടത്തുന്ന മട്ടിലൊരു കൂടിക്കാഴ്ചക്ക് കൂടി സമയം കണ്ടെത്തി അർലേക്കർ. അടുത്ത നിയമസഭയിലും യുഡിഎ​ഫി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തുക ഇ​രുകൂ​ട്ട​രുടെയും ആവശ്യമായതിനാൽ ഈ നീക്കമെല്ലാം ​തൻ്റെ ദൗ​ത്യ​മാ​ണെന്ന മട്ടിലായിരുന്നു ഗ​വ​ർ​ണ​റുടെ കേ​ര​ള ഹൗ​സി​ലെ അ​ത്താ​ഴ​ വി​രു​ന്ന്. ഇരു കൂട്ടർക്കുമിടയിൽ പാലമായി പ്രത്യേക പ്രതിനിധി കെ വി തോമസും. അസാധ്യമെന്ന് തോന്നിക്കുന്ന ഡീലുകളെ സാധ്യമാക്കി എടുക്കാനുള്ള അസാമാന്യ മെയ് വഴക്കവും ഓപ്പറേഷണൽ സ്കില്ലുമുള്ള ചാണക്യനാണ് തോമസ് മാഷ്. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് പ്രത്യേക കരുതൽ നല്കുന്നത്. ക്യാബിനറ്റ് പദവിയും മറ്റ് സൗകര്യങ്ങളും മാഷിൻ്റെ പ്രഹരശേഷി തിരിച്ചറിഞ്ഞതിൻ്റെ പ്രത്യുപകാരങ്ങളാണ്.

ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ കേരളത്തിന്‍റെ 23ാമത് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്ര മോദി, അമിത് ഷാ, തുടങ്ങി ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായെല്ലാം അടുത്ത ബന്ധമുള്ള അര്‍ലെക്കർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു. ആർഎസ്എസിലൂടെ വളർന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് ബിജെപിയിൽ അംഗത്വം എടുക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top