പേടിപ്പിക്കാന്‍ നോക്കരുതെന്ന് ഗവര്‍ണര്‍ വീണ്ടും; ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും തൊടുപുഴ പരിപാടിക്കെത്തി നിലപാട് പറഞ്ഞ് ആരിഫ് ഖാന്‍

ഇടുക്കി: കരിങ്കൊടി കാട്ടിയും റോഡില്‍ തടഞ്ഞും പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്കെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇത്തരം സമ്മര്‍ദ്ദ തന്ത്രമൊന്നും തന്റെ അടുത്ത് നടക്കില്ല. 35 വയസുളളപ്പോഴാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. അതിനു ശേഷമുളള 5 വര്‍ഷങ്ങളില്‍ വലിയ ഭീഷണിയാണ് നേരിടേണ്ടി വന്നത്. അഞ്ച് തവണയാണ് വധിക്കാന്‍ ശ്രമിച്ചത്. അഞ്ചാം തവണ നടത്തിയ ശ്രമത്തില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയടിച്ച് പൊളിച്ചു. എന്നിട്ടും ഭയപ്പെട്ടിട്ടില്ല. 35 വയസുള്ളപ്പോള്‍ ഭയപ്പെടാത്ത താന്‍ ഈ എഴുപത്തിരണ്ടാം വയസില്‍ എന്തിന് ഭയപ്പെടണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

ശക്തി കൊണ്ട് തങ്ങളുടെ വാദം ശരിയാണെന്ന് അംഗീകരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാന്‍ കഴിയില്ല. അത് നിയമത്തിനെതിരാണ്. ഒരു റബര്‍ സ്റ്റാമ്പായിരിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം നടപ്പാക്കും. ഒരു വ്യക്തിയുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാടിനെതിരെ സിപിഎം നേതൃത്വത്തില്‍ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാണ്. ഇന്ന് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ കര്‍ഷകര്‍ രാജ്ഭവന്‍ മാര്‍ച്ചടക്കം നടത്തുകയും ചെയ്തു. രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന അതേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ പരിപാടിക്കെത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ യാത്രയ്ക്കിടയില്‍ ഇന്ന് നിരവധി സ്ഥലങ്ങളിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാല്‍ ഇത് വകവയ്ക്കാതെ റോഡിലിറങ്ങി നടന്ന ഗവര്‍ണര്‍ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുകയും കുട്ടികളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top