സര്‍ക്കാറിനെതിരെ വീണ്ടും നേരിട്ട് പോരിനിറങ്ങി ഗവര്‍ണര്‍; തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി; തിരിച്ചയച്ചത് പ്രതിപക്ഷം എതിര്‍ത്ത തീരുമാനം

തിരുവനന്തപുരം : പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാനുമുള്ള ഓര്‍ഡിനന്‍സാണ് മടക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും രാജ്ഭവന്‍ സര്‍ക്കാറിനെ അറിയിച്ചു.

ഇക്കാര്യത്തില്‍ അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് സര്‍ക്കാറിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓര്‍ഡിന്‍സിന് അംഗീകാരം ലഭിക്കാതെ നിയമസഭാ സമ്മേളനമടക്കം വിളിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍.

ജനസംഖ്യാനുപാതികമായി വാര്‍ഡുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2021ല്‍ സെന്‍സസ് നടക്കാത്തിനാല്‍ 2011ലെ സെന്‍സെസ് അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജിക്കാനാണ് നീക്കം. 2025 ഓക്ടോബറില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡിസംബറില്‍ പുതിയ ജനപ്രതിന്ധികള്‍ അധികാരമേല്‍ക്കുകയും വേണം. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തിയത്.

തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡ് വീതം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനമെടുത്തുവെന്നാണ് വിമര്‍ശനം. വാര്‍ഡ് പുനര്‍നിണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. അങ്ങനെയുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top