മനോരമ ചീഫ് സബ് എഡിറ്ററെ വിവരാവകാശ കമ്മിഷണറാക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു; സർക്കാർ ഉത്തരവ് ഉടൻ

മലയാള മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ.സോണിച്ചൻ പി.ജോസഫ് വിവരാവകാശ കമ്മിഷണറാകുമെന്ന് ഉറപ്പായി. കഴിഞ്ഞ ജനുവരിയിൽ സമർപ്പിച്ച ഫയലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടു. ഇനി സർക്കാർ ഉത്തരവിറക്കുക എന്ന ഔപചാരിക നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ.

സർക്കാരുമായി പല വിഷയങ്ങളിലും ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പല ഫയലുകളും പിടിച്ചുവച്ച ഘട്ടത്തിലാണ് വിവരാവകാശ കമ്മിഷണറുടെ നിയമനവും പ്രതിസന്ധിയിലായത്. നിയമസഭ പാസാക്കിയ ബില്ലകൾ ഉൾപ്പെടെ ആയിരുന്നു ഇങ്ങനെ ത്രിശങ്കുവിലായത്. ഇതിൻ്റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ഏഴ് ബില്ലുകൾ അദ്ദേഹം രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയാണ് ചെയ്തത്.

സംസ്ഥാന നിയമ സെക്രട്ടറിയായിരുന്ന ഹരി പി.നായരാണ് നിലവിൽ മുഖ്യ വിവരാവകാശ കമ്മിഷണർ. ഡോ.എ.അബ്ദുൽ ഹക്കിം, ഡോ.കെ.എം.ദിലീപ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ഒഴിഞ്ഞു കിടക്കുന്ന മറ്റ് മൂന്ന് തസ്തികകളിലേക്കുള്ള നിയമനമാണ് ഇനി നടക്കുന്നത്.

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബോണി കുര്യാക്കോസിനെ പിഎസ്‌സി അംഗമാക്കിയിരുന്നു. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു ഈ നിയമനം. ഇതിൻ്റെ കാലാവധി ജനുവരിയിൽ പൂർത്തിയായതിന് പിന്നാലെയാണ് മനോരമയിൽ നിന്ന് തന്നെ പുതിയ നിയമനത്തിന് സർക്കാർ തയ്യാറായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top