രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടും എന്തുകൊണ്ട് അറിയിച്ചില്ല? മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍
ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചു. ഹിന്ദുവിലെ അഭിമുഖത്തിനൊപ്പം സമാനമായ രീതിയില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നു എന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ഭരണതലവനായ ഗവര്‍ണറെ ഇക്കാര്യം അറിയിക്കാതിരുന്നത്. ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനം എന്തിനു വേണ്ടിയായിരുന്നു എന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്. ഗൗരവമായ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഉടന്‍ വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതെല്ലാം തരത്തിലുളള രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നത്? ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? ഈ മൂന്ന് ചോദ്യങ്ങളാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. കേരളത്തില്‍ എന്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here