പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഭൂപതിവ് ചട്ട ഭേദഗതി അടക്കം അഞ്ച് ബില്ലുകള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: നിയമസഭ പാസാക്കിയ മുഴുവന്‍ ബില്ലുകള്‍ക്കും അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ പിടിച്ചുവച്ചിരുന്ന 5 ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകള്‍ക്കാണ് രാജ്ഭവന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളും ഗവര്‍ണര്‍ ഒരുമിച്ച് അംഗീകരിച്ചിരിക്കുന്നത്.

ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇടുക്കിയിലെ കര്‍ഷകരും ജനങ്ങളുമാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് അനുകൂലമാണ് ബില്ലെന്ന വിമര്‍ശനവും നിലവിലുണ്ട്. എന്നാല്‍ നിലവിലുള്ള നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം അതിനാല്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

ബില്ലുകളില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ശീതസമരം നിലനില്‍ക്കുകയാണ്. ലോകായുക്ത നിയമ ഭേദഗതി, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഓഴിവാക്കി കൊണ്ടുള്ള സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ദീര്‍ഘകാലം പിടിച്ചുവച്ച ശേഷം രാജ്ഭവന്‍ രാഷ്ട്രപതിക്ക് കൈമാറിയിരുന്നു. ഇതില്‍ ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയെങ്കിലും സര്‍വ്വകലാശാല ബില്ലില്‍ അനുമതി നിരസിച്ചു. ഇതിനെതരേയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top