സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍; വെറ്ററിനറി സർവകലാശാല വിസിക്ക് സസ്‌പെന്‍ഷന്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത്

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കടുത്ത് നടപടിയുമായി ഗവര്‍ണര്‍. വെറ്ററിനറി സർവകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് സസ്‌പെന്‍ഷന്‍. മൂന്ന് ദിവസം ക്രൂരമായ മര്‍ദ്ദനവും റാഗിങ്ങും നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ന്യായീകരണം നിലനില്‍ക്കുന്നതിനാല്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. ചാന്‍സലര്‍ എന്ന നിലയില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് രാജ്ഭവന്‍ സര്‍ക്കാരിനെ മറികടന്ന് നടപടികളിലേക്ക് കടന്നത്. വിശദമായ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള നടപടിയും ഗവര്‍ണര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് അസാധാരണ നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നിരിക്കുന്നത്. സര്‍ക്കാരിനെ കടുത്ത് സമ്മർദ്ദത്തിലാക്കുന്നതാണ് ഗവര്‍ണറുടെ നടപടി. വിസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ എണ്ണി പറഞ്ഞാണ് ഗവര്‍ണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവില്‍ വിശദമായ അന്വേഷണം നടത്തുന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

എസ് എഫ് ഐയും പിഎഫ്ഐയും ചേര്‍ന്നുള്ള ഭീകരതയാണ് വെറ്ററിനറി കോളേജില്‍ നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥനെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇത്തരം ഗുരുതരമായ സംഭവവികാസങ്ങള്‍ നടന്നിട്ടും സര്‍വകലാശാല അധികൃതര്‍ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ദുരൂഹമാണ്. സര്‍വകലാശാലകളിലെ ഹോസ്റ്റലുകള്‍ എസ്എഫ്‌ഐ അവരുടെ ആസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ പോലും മടിക്കുകയാണ്. ഇത് അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top