രണ്ട് വിസിമാരെ പുറത്താക്കി ഗവര്‍ണര്‍; യുജിസി നിര്‍ദ്ദേശിച്ച യോഗ്യതയില്ലെന്ന് വിശദീകരണം; നടപടി കാലിക്കറ്റ്-സംസ്‌കൃത സര്‍വകലാശാലകളിലെ വിസിമാര്‍ക്കെതിരെ

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറാകാന്‍ യുജിസി നിശ്ചയിച്ച യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജ് സംസ്‌കൃത സര്‍വകലാശാല വിസി എം.വി.നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഹിയറിംഗ് അടക്കം പൂര്‍ത്തിയാക്കിയാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.
ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളിലെ വിസിമാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ഇരുവരുടേയും കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ഗവര്‍ണര്‍. ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ ഇത് സ്വീകരിച്ചിട്ടില്ല.
സെര്‍ച്ച് കമ്മറ്റിയില്‍ യുജിസി നിബന്ധനകള്‍ പാലിക്കാത്തതാണ് പുറത്താക്കിയ ഇരു വിസിമാര്‍ക്കും തിരിച്ചടിയായത്. കാലിക്കറ്റ് വിസിയായി ഒറ്റപേര് മാത്രമാണ് സെര്‍ച്ച് കമ്മറ്റി ശുപാര്‍ശ ചെയ്തത്. ഇത് നിബന്ധനകള്‍ക്കെതിരാണ്. സംസ്‌കൃത വിസിയെ തിരഞ്ഞെടുത്ത സെര്‍ച്ച് കമ്മറ്റിയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടതാണ് വിനയായത്.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയത്. 11 വിസിമാരും ഇതിന് മറുപടി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഹിയറിംഗ് അടക്കമുള്ള നടപടികള്‍ നടന്നത്. കേരള, കുസാറ്റ്, എംജി തുടങ്ങിയ സര്‍വകലാശാലകളിലെ വിസിമാര്‍ വിരമിച്ചതിനാല്‍ ഹിയറംഗ് നടന്നില്ല. കെടിയു, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാലകളിലെ വിസിമാര്‍ക്ക് കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here