ഗവർണർ നാളെ പൂവാറിൽ; സാധാരണക്കാരെ വലച്ച് പോലീസ് നിയന്ത്രണം; ബോട്ടിങ്ങിന് വിലക്ക്, വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്‌തവർ മുറിയടച്ച് ഇരിക്കേണ്ടി വരും

കോഴിക്കോട് മിഠായിത്തെരുവിലടക്കം നാട്ടുകാർക്കിടയിലൂടെ ഇറങ്ങിനടന്ന് എതിരാളികളെ വെല്ലുവിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷയുടെ പേരിൽ തിരുവനന്തപുരത്ത് ജനത്തെ വലയ്ക്കാൻ പോലീസ് നീക്കം. പൂവാറിലെ സ്വകാര്യ തുരുത്തിലെ റിസോർട്ടിൽ നടക്കുന്ന പരിപാടിക്കായി ഗവർണർ നാളെ എത്തുമ്പോൾ പരിസരത്തെ ജലാശയങ്ങളിലെങ്ങും ഒരിലയനക്കവും ഉണ്ടാകാൻ പാടില്ല എന്നാണ് തിരുവനന്തപുരം റൂറൽ പോലീസിൻ്റെ തീരുമാനം. ഇതിനായി പൂവാറിലെ 32 ബോട്ട് ക്ലബുകളോടും പ്രവർത്തനം നിർത്തി വയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഗവർണർ വന്നുപോകുന്നത് വരെ ഒരൊറ്റ ബോട്ടും വെള്ളത്തിൽ ഇറക്കരുത് എന്നാണ് പോലീസ് തീരുമാനം.

സ്കൂൾ അവധിയും ആഴ്ചയവസാനവും കണക്കിലെടുത്ത് വൻ തോതിൽ സഞ്ചാരികൾ എത്തുന്ന സീസൺ ആണിത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും കുട്ടികളുമൊത്ത് ബോട്ടിങ്ങിനായി മാത്രം കുടുംബങ്ങൾ എത്തുന്നുണ്ട്. വിദേശ വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നുണ്ട്. ഏറെപ്പേരും നാളുകൾക്ക് മുൻപേ ബുക്ക് ചെയ്ത് തയ്യാറെടുത്ത് വരുന്നവരുമാണ്. കുട്ടികളടക്കം ഇവരെല്ലാം നിരാശരായി മടങ്ങേണ്ടി വരും. ഇന്ന് വൈകിട്ട് മാത്രമാണ് പൂവാർ പോലീസിൻ്റെ അപ്രഖ്യാപിത നിരോധനാജ്ഞ വന്നിരിക്കുന്നത്.

കേരളത്തിലെമ്പാടും യാത്ര ചെയ്യുന്നയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരിടത്തും ഇങ്ങനെ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് പോലീസ് സുരക്ഷ ഒരുക്കുന്നില്ല. രാജ്ഭവൻ അത് ആവശ്യപ്പെടുന്നുമില്ല. എന്നിട്ടും വകതിരിവില്ലാത്ത ഈ തീരുമാനം ഇവിടെ മാത്രം ഉണ്ടാകുന്നതിൻ്റെ കാരണം വ്യക്തമല്ല. ഇതേ മാനദണ്ഡം പ്രയോഗിച്ചാൽ ഗവർണർ യാത്ര ചെയ്യുന്ന വഴികളിലെല്ലാം വാഹന ഗതാഗതം തടഞ്ഞിടേണ്ടി വരും. അതേസമയം ബോട്ടുകൾ തടഞ്ഞ് സുരക്ഷയൊരുക്കാൻ നിർദേശിച്ചിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. പരിപാടി നടക്കുന്ന റിസോർട്ടിലേക്ക് ബോട്ടുമാർഗം പോകാൻ ഉദ്ദേശിക്കുന്നേയില്ല. ഉദ്ഘാടനം നിർവഹിച്ച് ഒരു മണിക്കൂറിനുള്ളിൽ മടങ്ങുമെന്നും അതിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top