ഗവര്‍ണര്‍ വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു
മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പോളിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഘര്‍ഷാവസ്ഥയിലേക്ക് കടക്കാതെ പ്രശ്നം പരിഹരിക്കാമായിരുന്നു. അതിനുള്ള ബാധ്യത നമ്മുടെ സംവിധാനങ്ങള്‍ക്ക് ഉണ്ട്. അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. വനം മന്ത്രിയെ വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു. അടുത്തിടെ വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ആളുകളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. സമാന സാഹചര്യത്തില്‍ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കണ്ടു. ചികിത്സയ്ക്കുള്ള സഹായം ചെയ്യുമെന്ന് അറിയിച്ചു. കടുവ കൊന്നുതിന്ന പ്രജീഷിന്റെ കുടുംബത്തെയും ആശ്വസിപ്പിച്ചു.
മാനന്തവാടി ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസ് പൊരുന്നേടവുമായി സംസാരിച്ച ഗവര്‍ണര്‍, അടുത്തിടെയായാണ് വയനാട്ടിലെ പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കിയതെന്ന് പറഞ്ഞു. വൈകി അറിഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. സംഭവത്തില്‍ ഉറ്റവരുടെ വിയോഗം നികത്താന്‍ ആകില്ല. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വിഷയത്തിന്‍റെ ഗൗരവം കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here