മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ആയുധമാക്കി ഗവര്‍ണര്‍; രാജ്യവിരുദ്ധ ഇടപാടുകളില്‍ നടപടിയില്ലാത്തത് ഗൗരവകരം; റിപ്പോര്‍ട്ട് തേടും

മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളുമടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗുരുതരമായ ഈ കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.

രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ വിഷയമാണിത്. ഇതില്‍ ആരാണ് നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിക്കാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. അതില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വവുംം മുഖ്യമന്ത്രിക്കാണ്. അതിനുള്ള അധിരകാരവും അദ്ദേഹത്തിനാണ്. മാധ്യമങ്ങളോട് ഇക്കാര്യം പറയുകയല്ല നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഒരു സംസ്ഥാനത്ത് ഇത്രയും നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നെങ്കില്‍ അത് ആരുടെ വീഴ്ചയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ തന്നെ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് നടക്കുന്നെന്നും ആ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് അറിയാമെന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഗുരുതരമായ സാഹചര്യമാണ്. അതില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയേണ്ടത് രാജ്യസുരക്ഷയ്ക്ക് ആവശ്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മലപ്പുറം പരാമര്‍ശം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയത്. ഇത് രാഷ്ട്രീയമായും നിയമപരമായും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തന്നെ വെല്ലുവിളിയാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top