ഗവർണറുടെ നോമിനി മുഖ്യമന്ത്രിക്ക് പൗരപ്രമുഖനായി; സെനറ്റ് നോമിനേഷനെ ചൊല്ലിയുള്ള എസ്എഫ്ഐ പ്രതിഷേധം പാർട്ടിക്ക് പ്രശ്നമല്ല

തിരുവനന്തപുരം: സർവകാശാലാ സെനറ്റുകളിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുമ്പോൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണത്തിൽ. നവകേരള സദസ് ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചക്കെത്തിയ എം.എസ്.ഫൈസൽ ഖാനാണ് അപൂർവ യോഗമുണ്ടായത്. നെയ്യാറ്റിൻകര നിംസ് മെഡ്സിറ്റി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ വ്യവസായികളുടെ ഗണത്തിൽപെടുത്തിയാണ് ഫൈസൽ ഖാനെ കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഈമാസം നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

സർവകലാശാലകളുടെ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തവരെ അംഗീകരിക്കില്ല എന്നാണ് എസ്എഫ്ഐയുടെ നിലപാട്. കേരള സെനറ്റിലേക്ക് ഗവർണർ ഉൾപ്പെടുത്തിയവർക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയെ സമീപിക്കുകയും നാലുപേരുടെ കാര്യത്തിൽ സ്റ്റേ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ വിഷയത്തിൽ ഗവർണറെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിക്കുകയും കേസിൽ പോലീസ് കടുത്ത വകുപ്പുകൾ ചുമത്തി എസ്എഫ്ഐക്കാരെ റിമാൻഡിലാക്കുകയും ചെയ്തു. കാലിക്കറ്റിൽ ഗവർണർ നോമിനേറ്റ് ചെയ്ത 18 പേരുടെ ആദ്യയോഗം കഴിഞ്ഞ ദിവസം ചേരാൻ ശ്രമിച്ചെങ്കിലും എസ്എഫ്ഐ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഉള്ളിൽ കടക്കാൻ കഴിയാതെ പലരും മടങ്ങിപ്പോയി. ഈ വിഷയത്തെച്ചൊല്ലി എസ്എഫ്ഐ സംസ്ഥാനത്തെങ്ങും പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഗവർണറുടെ നോമിനി മുഖ്യമന്ത്രിക്ക് കൈകൊടുത്ത് യോഗത്തിൽ പങ്കെടുത്തത്.

മുഖ്യമന്ത്രി ഓരോ പ്രദേശത്തും എത്തുമ്പോൾ നേരിൽകാണാനും ഒപ്പം ഭക്ഷണത്തിനിരിക്കാനും യോഗ്യതയുള്ള പ്രമുഖരെ തിരഞ്ഞെടുക്കുന്നത് പാർട്ടി ജില്ലാ നേതൃത്വമാണ്. തിരുവനന്തപുരത്തിൻ്റെ തെക്കേയറ്റത്തെ പ്രമുഖ ആശുപത്രിയുടെ ഉടമയെന്ന നിലയിൽ രാഷ്ട്രിയ, സാമൂഹ്യ മേഖലകളിലെ പ്രമുഖരുമായെല്ലാം അടുത്ത ബന്ധം പുലർത്താൻ ഫൈസൽ ഖാന് അവസരമുണ്ട്. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ക്ഷണം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇതേ ഫൈസൽ ഖാൻ രാജ്ഭവനുമായും ബന്ധം സ്ഥാപിച്ചു എന്നത് പാർട്ടി കേന്ദ്രങ്ങൾ അറിയാതെ പോകില്ല. സർക്കാരിൻ്റെ പട്ടിക തള്ളി സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ തിരഞ്ഞെടുത്തവരുടെ പട്ടിക പത്രങ്ങളിലെല്ലാം അച്ചടിച്ചുവന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഗവർണർ നോമിനേറ്റ് ചെയ്തവർ ഉൾപ്പെടുന്ന കേരള സെനറ്റിൻ്റെ ആദ്യയോഗം ഇനിയും ചേർന്നിട്ടില്ല. ഗവർണർ തീയതി തീരുമാനിക്കുകയും, കാലിക്കറ്റിലേത് പോലെ എസ്എഫ്ഐ തടയാൻ ശ്രമിക്കുകയും, പങ്കെടുക്കരുതെന്ന് പാർട്ടി വിലക്കുകയും ചെയ്താൽ ഫൈസൽ ഖാൻ എന്ത് നിലപാടെടുക്കും എന്നതാകും ഇനി അറിയാൻ കൗതുകമുള്ള കാര്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top