ഐപിഎസ് ഉപേക്ഷിച്ച് ടികെ വിനോദ് കുമാര്‍; വിആര്‍എസിനുള്ള അപേക്ഷ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
വിജിലന്‍സ് ഡയറക്ടറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ടി.കെ.വിനോദ് കുമാര്‍ ഐപിഎസ് വിടാനൊരുങ്ങുന്നുവെന്ന് മാധ്യമ സിന്‍ഡിക്കറ്റ് 10 മാസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അന്ന് അപേക്ഷ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കം നിര്‍ണായകമായ പലതും മുന്നില്‍കണ്ട് അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇക്കഴിഞ്ഞ മെയ് 5ന് അദ്ദേഹം വീണ്ടും അപേക്ഷിച്ച സാഹചര്യത്തിലാണ് വിടുതല്‍ അനുവദിച്ച് ഉത്തരവ് നല്‍കിയത്.
അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വകലാശാലയിലെ പ്രൊഫസറായാണ് വിനോദ് കുമാര്‍ പോകുന്നത്. രണ്ടുവര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. അധ്യാപകനാവുക എന്ന തന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാന്‍ തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.
നേരത്തെ ഇന്ത്യാന സര്‍വ്വകലാശാല സൗത്ത് ബെന്‍ഡില്‍ ക്രിമിനല്‍ ജസ്റ്റിസ് വിഭാഗം അസി. പ്രൊഫസറായി വിനോദ് കുമാര്‍ സേവനം ചെയ്തിരുന്നു. 2013ല്‍ ഇദ്ദേഹത്തിന്റെ പബ്ലിക്ക് ഈവന്റ്‌സ് ആന്‍ഡ് പോലീസ് റെസ്‌പോണ്‍സ് എന്ന പുസ്തകം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയത് റെക്കോർഡ് വില്‍പ്പന നേടിയിരുന്നു.
ഇന്നുച്ചക്ക് ശേഷം വിരമിക്കാമെന്ന് കാണിച്ചാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ടി.കെ.വിനോദ് കുമാര്‍ ഒഴിയുമ്പോള്‍ ബെവ്‌കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here