രംഗണ്ണനില്ലാതെ വകുപ്പുകൾക്ക് എന്താഘോഷം; സർക്കാർ പോസ്റ്ററുകളിലെല്ലാം ആവേശത്തിലെ നായകനും ശിങ്കിടിയും; തല്ലും കള്ളുകുടിയുമായി നടക്കുന്ന ഹീറോയെ മഹാനാക്കരുതെന്ന് ഡോ.സിജെ ജോൺ

രംഗണ്ണനെയും അമ്പാനെയും സംസ്ഥാന സർക്കാരിൻ്റെ മിക്ക വകുപ്പുകളുടേയും ആസ്ഥാന അംബാസിഡർമാരായി നിയമിച്ചോ എന്നാണ് മിക്കവരുടേയും സംശയം. ഒട്ടുമിക്ക വകുപ്പുകളുടെയും പ്രചരണ പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആവേശം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച നായക കഥാപാത്രം രംഗനും അമ്പാനും മാത്രം.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിൽ കുട്ടികളുടെ കൈപിടിച്ച് നടക്കുന്നത് ആവേശം സിനിമയിലെ രംഗണ്ണനും അമ്പാനും. ‘വീണ്ടുമൊരു സ്കൂൾ കാലം’ എന്ന ട്രെൻഡിംഗ് പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ.സി.ജെ.ജോൺ ഫെയ്സ് ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. മദ്യപാനവും പുകവലിയും അടിപിടിയുമായി നടക്കുന്ന ആവേശത്തിലെ കഥാപാത്രങ്ങളെ മഹത്വവൽക്കരിക്കും വിധത്തിലുള്ള കാർട്ടൂൺ പോസ്റ്റർ കുട്ടികളിൽ വല്ലാത്ത സ്വാധീനം ചെലുത്തുമെന്നായിരുന്നു ഡോ.ജോണിൻ്റെ മുന്നറിയിപ്പ്. അപകടം തിരിച്ചറിഞ്ഞ വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റർ പിൻവലിച്ച് പുതിയതിറക്കി. സർക്കാർ വകുപ്പിൻ്റെ നടപടിയെ അഭിനന്ദിച്ച് ജോൺ പുതിയ പോസ്റ്റിടുകയും ചെയ്തു.

പക്ഷേ കളി അവിടെക്കൊണ്ട് തീരുന്നില്ല എന്നാണ് ഡോ.ജോണിൻ്റെ ആക്ഷേപം. സർക്കാരിന്റെ തന്നെ ബ്രാൻഡ് അംബാസിഡറായി ആവേശത്തിലെ ഫഹദ് കഥാപാത്രം മാറിയോയെന്ന സംശയമാണ് പുതിയ പോസ്റ്റിൽ അദ്ദേഹം ഉന്നയിക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ പോസ്റ്ററിലെ അപകടം ചൂണ്ടിക്കാട്ടിയപ്പോൾ കിട്ടിയ പ്രതികരണമായി ചിലരെല്ലാം അയച്ച പോസ്റ്ററുകളാണ് പുതിയ പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. “പോലീസ്, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകൾ എല്ലാം തന്നെ മൂപ്പരെ ദത്തെടുത്ത പോലെ” എന്നാണ് ഡോക്ടറുടെ പരിഹാസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here