പിപി ദിവ്യക്കെതിരെ രോഷാകുലരായി സർക്കാർ ജീവനക്കാരും; ശൂര്‍പണഖയെന്നും ഡ്രാക്കുളയെന്നും വിളിച്ച് പ്രതിഷേധക്കാർ

കണ്ണൂർ എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തം. കണ്ണൂർ കലക്ടറേറ്റിൽ സർക്കാർ ജീവനക്കാർ കലക്ടറെ തടഞ്ഞുവച്ചു പ്രതിഷേധിച്ചു. പോലീസ് എത്തിയശേഷം മാത്രമാണ് കലക്ടർക്ക് ഓഫീസിലേക്ക് പ്രവേശിക്കാനായത്. കലക്ടറേറ്റിന് പുറത്തും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തക ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ശൂര്‍പണഖയെന്നും ഡ്രാക്കുളയെന്നും കൊലപാതകിയെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ഇന്ന് രാവിലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദിവ്യയുടെ ബന്ധു പരിയാരത്ത് ജോലി ചെയ്യുന്നതിനാൽ അവിടെ പോസ്റ്റുമോർട്ടം ചെയ്യരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here