ചാവശ്ശേരി ബസ് കത്തിക്കലിന് ഇന്ന് 55 വയസ്; ഡയസ്‌നോണിനെതിരെ സമരം നടത്തിയവര്‍ ചരിത്രം മറക്കുന്നു; ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍

സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും ഭരണക്ഷിയായ സിപിഐയുടെ സംഘടനകളും നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. നേരിടാന്‍ സര്‍ക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. സമരം നടത്തുവര്‍ക്കെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ശമ്പളം കുറവുചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. 55 വര്‍ഷം മുമ്പ് അച്യുത മേനോൻ സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ സമരം നടത്തിയ സിപിഎം സംഘടനയില്‍പ്പെട്ടവര്‍ നാലു ബസ് യാത്രക്കാരെ ചുട്ടെരിച്ചതിന്റെ വാര്‍ഷിക ദിനമാണ് ഇന്ന്.

1970 ജനുവരി 21 ബുധനാഴ്ച
തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന ക്രൂരവും നെറികെട്ടതുമായ സമരമാണ് ഡയസ്‌നോണിന്റെ പേരില്‍ അക്കാലത്ത് നടന്നത്. കണ്ണില്ലാത്ത ക്രൂരതയാണ് മട്ടന്നൂരിലെ ചാവശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. 1967ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ അനധികൃതമായി നിയമനം കിട്ടിയ 800 പേരെ അച്യുത മേനോൻ സര്‍ക്കാര്‍ പിരിച്ചു വിട്ടു. ഇതോടെ സംസ്ഥാന വ്യാപകമായി സമരവും അക്രമങ്ങളും നടന്നു. വലതു കമ്യൂണിസ്റ്റെന്ന് സിപിഎം ആക്ഷേപിക്കുന്ന അച്യുത മേനോനോടുള്ള പകയായിരുന്നു സമരകാരണം.
മട്ടന്നൂര്‍ ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിക്കാനും തീയിടാനും സമരക്കാര്‍ പദ്ധതിയിട്ടു. 19-ാം മൈലിനും കള റോഡിനും ഇടയിലുള്ള വിജനമായ ഇടമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. വൈകുന്നേരം ഏഴര മണിയോടെ ഇരിട്ടിയില്‍ നിന്നുള്ള അവസാന ബസിനെ ആക്രമിക്കാന്‍ ആക്ഷന്‍ പ്ളാന്‍ ഉണ്ടാക്കി. ബസ് തടഞ്ഞ് ഡോര്‍ തുറന്ന് പെട്രോള്‍ ഒഴിച്ചു തീക്കൊളുത്തി. ഒറ്റ ഡോര്‍ മാത്രമാണ് അക്കാലത്ത് ബസുകള്‍ക്ക് ഉണ്ടായിരുന്നത്. മുന്നറിയിപ്പുകളില്ലാത്ത ആക്രമണത്തില്‍ യാത്രക്കാര്‍ പകച്ചുപോയി. എന്താണെന്നു മനസ്സിലാക്കും മുമ്പേ ബസ് അഗ്നിക്കിരയായി. രക്ഷപ്പെടും മുന്നേ വാതിലും അടയ്ക്കപ്പെട്ടു. ചിലര്‍ ജനലുകളിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ഡോറിനടുത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഒരാള്‍ സംഭവ സ്ഥലത്തും മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ മരിച്ചു. സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു.
പങ്കില്ലെന്ന പതിവ് ക്യാപ്‌സ്യൂള്‍
പതിവ് പോലെ സിപി.എം ഈ സംഭവത്തിലും പങ്കു നിഷേധിച്ചു. നിയമസഭയില്‍ സിപിഎം നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് 1970 ജനുവരി 23 ന് ആഭ്യന്തര മന്ത്രി സി എച്ച് മുഹമ്മദ് കോയ സഭയില്‍ പറഞ്ഞതിങ്ങനെയാണ്
‘അമ്പതോളം യാത്രക്കാര്‍ ആ ബസ്സിലുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ആ ബസ്സ് ആകമാനം കത്തി നശിച്ചുപോയി. യാത്രക്കാരെല്ലാം എരിയുന്ന ബസില്‍നിന്ന് അതിവേഗം പുറത്തുചാടാന്‍ ശ്രമിച്ചു. ഒരാള്‍ ഒഴിച്ച് മറു യാത്രക്കാരെല്ലാ പുറത്തുചാടി. ഒരു യാത്രക്കാരന്‍ കുടുങ്ങി കരിഞ്ഞു നശിച്ചുപോയി. 18 പേര്‍ക്ക് കഠിനമായ പരിക്കുകളുണ്ടായി. അവരില്‍ 14 പേരെ കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും, രണ്ടുപേരെ മട്ടന്നൂര്‍ ആശുപത്രിയിലും, രണ്ടുപേരെ കൂത്തുപറമ്പ് ആശുപത്രിയിലും കൊണ്ടുപോയി. പൊള്ളലേറ്റവരില്‍ രണ്ടുപേര്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. പരിക്കുപറ്റിയ ഒരാളുടെ സ്ഥിതി വളരെ ഗുരുതരമാണ്. ഈ വിവരം അറിഞ്ഞയുടനെ പോലീസ് സംഭവസ്ഥലത്തേക്ക് കുതിക്കുകയും ആ സ്ഥലം കാക്കുവാനും അന്വേഷണത്തിനുമുള്ള നടപടികള്‍ എടുക്കുകയും ചെയ്തു. ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഇതിന് ഉത്തരവാദികളായ അക്രമികളെ പിടിക്കാനുള്ള എല്ലാ പരിശ്രമങ്ങളും പോലീസ് ചെയ്തുകൊണ്ടി രിക്കുകയാണ്.
കഴിയുന്നത്ര വേഗത്തില്‍ പോലീസ് പാര്‍ട്ടി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്’.

ഈ സംഭവത്തെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി സിഅച്യുത മേനോൻ മാധ്യമപ്രവര്‍ത്തകനായ തെക്കുംഭാഗം മോഹന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്
‘1970 ജനുവരി 21- സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളില്‍ ചിലര്‍ പണിമുടക്കിനെ അക്രമാസക്തമാക്കിയപ്പോള്‍ അവരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ പിരിച്ചുവിട്ട വരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിഐടിയു തൊഴിലാളികള്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരുന്ന കാലം. ജനുവരി 21 തീയതി കണ്ണൂര്‍ ട്രാന്‍സ്‌പോര്‍ട് സ്റ്റാന്‍ഡില്‍ നിന്നും 50ല്‍ പരം യാത്രക്കാരുമായി തിരിച്ച ഒരു ബസ് മട്ടന്നൂര്‍ കവലയിലെത്തിയപ്പോള്‍ ഒരു സംഘം അക്രമികള്‍ ബസ് തടയുകയും തീ വെയ്ക്കാന്‍ പെട്രോളൊഴിക്കുകയും ചെയ്തു. യാത്രക്കാരെ ഇറക്കി വിടാനുള്ള സന്‍മനസു പോലും ഇഎംഎസിന്റേയും എകെജിയുടേയും അണികള്‍ പ്രകടിപ്പിച്ചില്ല. സംഭവിക്കുന്നതു കണ്ടു ഭയാക്രാന്തരായ യാത്രക്കാര്‍ ഒരുവിധം പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നു കഴിഞ്ഞു. മനുഷ്യത്വം മരവിച്ചവര്‍ പോലും അതുകണ്ടും അറിഞ്ഞും അയ്യോ എന്ന് സ്വയം വിലപിച്ചു പോയി. ഭരണകൂടത്തെ നേരിടാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും കേരളത്തില്‍ അതിനു മുമ്പും പിമ്പും ഇത്ര നീചവും നിന്ദ്യവുമായ കിരാതപര്‍വം ആടിയിട്ടില്ല. ഇതാണോ മഹാനായ മാര്‍ക്‌സ് വിഭാവനം ചെയ്തത്.? നിരീക്ഷകരാകെ ചോദിച്ചു. അവരൊക്കെ അന്ന് മാര്‍ക്‌സിനെ ശപിച്ചു. ഇങ്ങനെയൊരു പ്രത്യയശാസ്ത്രം ഉണ്ടാക്കിയതിന്. ഇങ്ങനെയൊരു പാര്‍ട്ടിയുണ്ടാക്കാന്‍ പ്രേരകമായതിന്’

പച്ച മാംസം കത്തിയെരിഞ്ഞ ഗന്ധം കേരളമാകെ പടര്‍ന്നുവെന്നാണ് മോഹന്‍ ‘ജനാധിപത്യ കേരളത്തില്‍ അച്ചുതമേനോന്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജീവിതാവസാനം വരെ അച്യുത മേനോനെ വേട്ടയാടിയ സംഭവമാണിത്. താനാദ്യമായി മുഖ്യമന്ത്രി പദം രാജിവെക്കാന്‍ ആലോചിച്ചത് ഈ സംഭവം നടന്ന കാലത്തായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
യാത്രക്കാരെ ചുട്ടെരിച്ച സംഭവത്തിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ പതിവുപോലെ സിപിഎം സമരത്തെ തള്ളിപ്പറയുകയും ചില തൊഴിലാളികളെ പുറത്താക്കുകയും ചെയ്തു. പിന്നീട്ട് നാട്ടിലുടനീളം ഈ കൊലയാളികളുടെ കേസ് നടത്താന്‍ ബക്കറ്റ് പിരിവ് നടത്തി സുപ്രീംകോടതി വരെ കേസ് നടത്തിയെന്ന് അക്കാലത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എംവി രാഘവന്‍ തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here