ആരോഗ്യവകുപ്പ് ഡിജിറ്റലാകുന്നു; ആശുപത്രികളില്‍ ഗൂഗിള്‍പേ; മൊബൈല്‍ ആപ്പും

സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനം വരുന്നു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം സ്വീകരിക്കുക. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ ഈ സേവനം ഒരുക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. 63 ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഓണ്‍ലൈനായി ഒപി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കും. ക്യൂ നില്‍ക്കാതെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ഒ.പി. ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് കൂടി പുറത്തിറക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ഹെല്‍ത്ത് റെക്കോര്‍ഡ്, ലാബ് റിപ്പോര്‍ട്ട്, ഫാര്‍മസി റിപ്പോര്‍ട്ട് എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ രോഗിക്ക് കാണാന്‍ സാധിക്കും. ഈ മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയും ഈ സേവനങ്ങള്‍ ലഭ്യമാകും. ഇത്തരത്തില്‍ പൂര്‍ണ്ണമായും ഡിജിറ്റലാകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top