യൂത്ത് കോൺഗ്രസിനെ പൂട്ടാൻ സിപിഎം; വ്യാജരേഖാക്കേസ് കടുപ്പിക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം കോൺഗ്രസിനകത്തും പുറത്തും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടിയാണെന്ന റിമാന്‍ഡ്‌ റിപ്പോർട്ടും സംഭവത്തിൽ നടന്ന പ്രവർത്തകരുടെ അറസ്റ്റും ഉയർത്തി പാർട്ടിക്കുള്ളിൽ കലാപമുയർത്താനാണ് ഐ ഗ്രൂപ്പടക്കമുള്ളവരുടെ നീക്കം.

പ്രതികളെ പിടികൂടിയത് പുതിയ സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൻ്റെ KL -26-L -3030 വെള്ള കിയ കാറിൽ നിന്നാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പിടിയിലായവർ തൻ്റെ വിശ്വസ്തരും നാട്ടുകാരുമാണെന്ന രാഹുലിൻ്റെ തന്നെ സ്ഥിരീകരണവും എ ഗ്രൂപ്പിന് തിരിച്ചടിയാണ്. മുതിർന്ന നേതാക്കൾക്കടക്കം വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് ശരിവക്കുന്നതാണ് വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന വി.എം.സുധീരൻ്റെ പ്രതികരണം. മറ്റ് നേതാക്കൾക്കും സമാനമായ അഭിപ്രായമാണുള്ളത്.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങൾക്ക് ശക്തി പകരുമ്പോൾ ഭരണകക്ഷിയായ സിപിഎമ്മിനും ഇടതുമുന്നണിക്കും അതൊരു പിടിവള്ളിയായി മാറുകയാണ്. സർവീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിലും നവകേരള സദസുമായുണ്ടായ വിവാദങ്ങളിലും മറ്റ് വിഷയങ്ങളിലും പ്രതിരോധത്തിലായ സിപിഎമ്മിന് തിരിച്ചടിക്കാനുള്ള വടിയായി മാറിയിരിക്കുകയാണ് യൂത്ത് കോൺഗ്രസുകാരുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം.

നവകേരള സദസിനെതിരായ യൂത്ത് കോൺഗ്രസിൻ്റ കരിങ്കൊടി പ്രതിഷേധത്തിന് തടയിടാനും വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തെ ഉപയോഗിക്കാനുമാണ് സർക്കാർ നീക്കം. പാർട്ടി ശക്തികേന്ദ്രമായ കല്യാശേരിയിലടക്കം യൂത്ത് കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധമുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ പ്രതിഷേധം കടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ നവകേരള സദസ് അവസാനിക്കും വരെ വിഷയം സജീവമായി നിർത്താനാണ് സർക്കാർ നീക്കം. ഇതിൻ്റെ ഭാഗമായിട്ടാണ് ഈ മാസം 25- ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് പോലീസ് നിർദേശം നൽകിയത്. അന്വേഷണം മുൻ പ്രസിഡൻ്റ് ഷാഫി പറമ്പിലിലേക്കും കൂടി നീട്ടാനാണ് പോലീസ് ആലോചിക്കുന്നതെന്നാണ് സൂചനകൾ.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനും സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്ന റിപ്പോർട്ട് പോലീസ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് കൈമാറാൻ ഒരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാൽ അന്വേഷണം കേരളാ പോലീസിൽ ഒതുങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശ പ്രകാരം സിബിഐ പോലുള്ള കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്താൽ അത് ലോക്സഭാ തിരഞ്ഞെടുപ്പിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. അത് രാഷ്ട്രീയമായി സിപിഎമ്മിനും ബിജെപിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാതി ഉന്നയിച്ച് മിക്ക ജില്ലകളിലും പരാതി നൽകിയിരിക്കുന്നത് ഡിവൈഎഫ്ഐ ബിജെപി നേതാക്കളാണ്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. വലിയ ഗൂഢാലോചന വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് നിഗമനം. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ നാല് പേരെ അറസ്റ്റ് ചെയ്തതിനോടൊപ്പം വ്യാജ ഐഡി കാർഡുകളും നിർമ്മാണ സാമഗ്രികളും പിടികൂടിയതായിട്ടാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

വ്യാജ തിരിച്ചറിയൽ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാൻ വേണ്ടിയാണെന്നും നിര്‍മ്മിച്ചത് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തെന്നാണ് പോലീസ് ഭാഷ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ’ ഫെനി നൈനാന്‍, ബിനില്‍ ബിനു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. അഭി വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. നാല് പേർക്കും കഴിഞ്ഞ ദിവസം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top