റിയാസ് മൗലവി വധക്കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ; മുസ്ലിം വോട്ട് ബാങ്കിൽ തിരിച്ചടി ഭയന്ന് അതിവേഗത്തിൽ ഉത്തരവിറക്കി പിണറായി

തിരുവനന്തപുരം : റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസുകാരായ പ്രതികളെ വെറുതെ വിട്ട കാസർഗോഡ് സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അപ്പീൽ നൽകാൻ അനുമതി നൽകുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലീം വോട്ടുബാങ്കിൽ നിന്ന് തിരിച്ചടി ഭയന്നാണ് സർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം എന്നാണ് വിശകലനം.

മാർച്ച് 30നാണ് മൗലവി വധക്കേസിൽ പ്രതികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ വെറുതെവിട്ട വിധി വന്നത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. പ്രതികളെ വെറുതെ വിട്ടതറിഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞു. വിധിയില്‍ നിരാശയുണ്ടെന്നാണ് ബന്ധുക്കളും പ്രതികരിച്ചു. വിധിപ്പകർപ്പിൽ പോലീസിനെയും പ്രോസിക്യൂഷനേയും രൂക്ഷമായി വിമർശിച്ചിരുന്നു. തെളിവുകൾ ഹാജരാക്കുന്നതിലും കുറ്റം തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് വിധിയിൽ പറഞ്ഞിരുന്നത്.

പോലീസ് അന്വേഷണം ഏകപക്ഷീയവും നിലവാരമില്ലാത്തതുമാണ് എന്ന വിമർശനം പോലീസിനെയും സർക്കാരിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കി. പ്രതികൾ ആർഎസ്എസുകാരാണെന്ന് തെളിയിക്കാൻ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ല. വിധി പകർപ്പിലെ ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുസ്ലിം സംഘടനകൾ വ്യാപകമായി എതിർപ്പുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു എന്ന് വെളിപ്പെടുത്തൽ കൂടി വന്നതോടെ വിവാദം കത്തി. ഇതിനൊപ്പമാണ് ആർഎസ്എസ് – സിപിഎം ധാരണയാണ് കേട്ട്സ് അട്ടിമറിച്ചത് എന്ന പ്രതിപക്ഷ ആരോപണവും. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തായതെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു. ഇതോടെ മുസ്ലിം സംഘടനകളും വിമർശനം കടുപ്പിച്ചു.

മുസ്ലിം സംഘടനകളുടെ മൂന്ന് ദിനപത്രങ്ങളാണ് ഈ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം എഴുതിയത്. ഗൂഢാലോചനയോ മധ്യസ്ഥതയോ നടന്നുവെന്ന് സമസ്തയുടെ ദിനപത്രം സുപ്രഭാതം മുഖപ്രസംഗം എഴുതി. ഇത്തരത്തിൽ ആരോപണങ്ങൾ കടുത്തതോടെ മുഖ്യമന്ത്രി തന്നെ പ്രതിരോധിക്കാൻ രംഗത്തിറങ്ങി. അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായിട്ടില്ലെന്നും സംഭവം നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടികൂടിയെന്നും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയിട്ടും മുസ്ലിം സംഘടനകൾക്കിടയിലെ വിമർശനം തണുപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ തിടുക്കത്തിൽ അപ്പീലിൻ നൽകാൻ ഉത്തരവിറക്കിയിരിക്കുന്നത്. സിഎഎ വിഷയമടക്കം ഉയർത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കാൻ ശ്രമിച്ച സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് ഈ വിധി. പ്രോസിക്യൂഷനേയും പോലീസിനെയും ന്യായീകരിക്കുന്നുണ്ടെങ്കിലും ബിജെപി സിപിഎം ധാരണയെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കായിട്ടില്ല. ഇപ്പോൾ അപ്പീൽ നൽകി നിയമ പോരാട്ടം നടത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകാൻ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top