എൻഐഎ അഭിഭാഷകനായി തിളങ്ങിയ മനുവിൻ്റെ പതനം!! പീഡനക്കേസില്‍ ജാമ്യത്തിലിരിക്കെ വീണ്ടും ആരോപണം; വീഡിയോ പുറത്തായതിന് പിന്നാലെ മരണം

സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന നിലയില്‍ തിളങ്ങി നില്‍ക്കുന്നിടത്ത് നിന്നാണ് പിജി മനു എന്ന അഭിഭാഷകൻ വീണത്. അതെല്ലാം സ്ത്രീ വിഷയത്തിലെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലും. സുപ്രധാന കേസുകളിൽ എൻഐഎയെ പ്രതിനിധീകരിച്ചു. ഹൈക്കോടതി ജഡ്ജിയാകാൻ വരെ താൻ പരിഗണിക്കപ്പെടുമെന്ന് സ്വയം അവകാശപ്പെട്ടിരുന്നു.

ഒരു അഭിഭാഷകനും ചെയ്യാന്‍ പാടില്ലാത്ത അതീവ നീചകൃത്യമാണ് മനുവിനെ കേസിൽപെടുത്തിയത്. ലൈംഗികാതിക്രമം നേരിട്ട് അഞ്ച് വര്‍ഷമായിട്ടും നീതി കിട്ടാതെ സഹായം തേടിയെത്തിയ ഒരു അതിജീവിതയെ ഗവ. പ്ലീഡറായ പിജി മനു പീഡിപ്പിച്ചു. നീതി നൽകുന്നതിന് പകരം അതൊരു അവസരമായി മനു ഉപയോഗിച്ചെന്നാണ് വ്യക്തമായത്.

അച്ഛനും അമ്മക്കും ഒപ്പം ഓഫീസിലെത്തിയ യുവതിയെ ആദ്യ ദിവസം തന്നെ മനു ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ഈ യുവതിയോട് ഫോണിലൂടെ മാപ്പ് അപേക്ഷിക്കുന്ന ഓഡിയോ പുറത്തുവരികയും ചെയ്തിരുന്നു.

ഈ കേസില്‍ കുടുങ്ങിയതോടെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. മുൻകൂർ ജാമ്യം തേടി സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായില്ല. പിന്നീട് പോലീസിൽ കീഴടങ്ങിയ ശേഷം രോഗം പറഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.

എന്നാല്‍ മനുവിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നു. ഒരു യുവതിയുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങളടങ്ങിയ വീഡിയോ പുറത്തായി. ഇവരുടെ വീട്ടില്‍ ഭാര്യയും സഹോദരിയുമായി എത്തിയ മനു തൊഴുകൈയ്യോടെ മാപ്പ് പറയുന്ന വീഡിയോ നിയമവൃത്തങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചു.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ജൂനിയര്‍ അഭിഭാഷകരാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. കൊല്ലത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദ്ദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top