ലോകായുക്തക്ക് വണ്ടി വാങ്ങാൻ ട്രഷറി നിയന്ത്രണം പ്രശ്നമല്ല; രണ്ടു കാറിന് 15 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ലോകായുക്തക്ക് വാഹനങ്ങള്‍ വാങ്ങാന്‍ സർക്കാർ അനുമതി. രണ്ട് പുതിയ കാറുകൾക്കായി 15 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഉപയോഗത്തിനുള്ള വാഹനങ്ങൾ ഉണ്ടായിരിക്കെ ഓഫീസ് ഉപയോഗത്തിനെന്ന് കാണിച്ചാണ് പുതിയ വാഹനങ്ങൾക്ക് അനുമതി തേടിയത്. അഡീഷണൽ എക്സ്പെൻഡിച്ചർ ആയി കാണിച്ച് ഒക്ടോബര്‍ 31നാണ് തുക അനുവദിച്ചത്.

15 ലക്ഷം ആവശ്യപ്പെട്ട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ആഗസ്റ്റ് 18നാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കടുത്ത ട്രഷറി നിയന്ത്രണം ഉള്ളതിനാൽ തീരുമാനം നീളുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് ഉടനടി തുക അനുവദിക്കാൻ ധനവകുപ്പ് തയ്യാറായത്. ഇതിനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്താനുള്ള നിർദേശവും ഉത്തരവിലുണ്ട്.

മുഖ്യമന്ത്രി ആരോപണവിധേയനായ ദുരിതാശ്വാസനിധി വിനിയോഗത്തിൻ്റെ കേസ്, കോവിഡ് കാല പർച്ചേസുകൾ തുടങ്ങിയ വിഷയങ്ങൾ ലോകായുക്തയുടെ മുന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ലോകായുക്തയുടെ വിശ്വാസ്യത നശിപ്പിച്ചുവെന്ന വിമർശനങ്ങൾ നിലനിൽക്കുകയുമാണ്. പ്രതിവർഷം ആയിരത്തിലേറെ കേസുകള്‍ വന്നിരുന്ന ലോകായുക്തയിൽ ഇക്കൊല്ലം ഇതുവരെ പരാതിയായി ഫയല്‍ ചെയ്യപ്പെട്ടത് നൂറിൽ താഴെ മാത്രമാണ്. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2016ല്‍ 1264 കേസുകള്‍ ആണ് ലോകായുക്തയിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്.

ലോകായുക്തയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 5.04 കോടി രൂപയാണ് ഒരു വര്‍ഷം സർക്കാർ ചെലവഴിക്കുന്നത്. ഓഫിസ് ചാര്‍ജുകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ആകെ ചെലവിനായി 6.34 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതിലാണ് വാഹനം വാങ്ങാൻ അഡീഷണൽ എക്സ്പെൻഡിച്ചർ ആയി 15 ലക്ഷം അനുവദിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top