സബ്‌സിഡി അരിയും നിര്‍ത്തി; ജനകീയ ഹോട്ടലുകള്‍ പൂട്ടലിലേക്ക്

‘ഉച്ചി വച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക’ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. സൃഷ്ടാവ് തന്നെ അന്തകനാവുന്ന അവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പ്രയോഗം സാധാരണ നടത്തുന്നത്. അത്തരമൊരു അവസ്ഥയിലാണ് സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍. 2019- 20ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളമെന്ന പദ്ധതിക്ക് രൂപം കൊടുത്ത പിണറായി സര്‍ക്കാര്‍ തന്നെ ഈ പദ്ധതിയെ ഇന്ന് പട്ടിണിക്കിട്ട് കൊല്ലുകയാണ്. തുടക്കത്തില്‍ ഒരു ഊണിന് 10 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. പിന്നീടത് നിര്‍ത്തലാക്കി. ഇപ്പോള്‍ 30 രൂപക്ക് നല്‍കിയിരുന്ന സബ്‌സിഡി അരിയും നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരു നേരം ഊണ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ട് ആരംഭിച്ച പദ്ധതിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 1180 ജനകീയ ഹോട്ടലുകള്‍ കുടുംബശ്രീ മിഷന്റെ കീഴില്‍ കൊട്ടും കുരവയുമായി ആരംഭിച്ചു.
എന്നാല്‍ കൊല്ലം മൂന്ന് തികയുമ്പോള്‍ ഈ ഭക്ഷണശാലകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സബ്സിഡി അരി നിര്‍ത്തലാക്കിയതോടെ പൂട്ടുകയല്ലാതെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്പേണ്ടത്. അതിന് കഴിയാത്ത അവസ്ഥയിലാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍.

ഹോട്ടലിലേക്ക് ആവശ്യമായ അരി വാങ്ങാനെത്തിയപ്പോഴാണ് സബ്സിഡി നിര്‍ത്തലാക്കിയെന്ന വിവരം പലരും അറിയുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയ ഊണിന്റെ സബ്സിഡി ഇനത്തിലും കിട്ടാനുണ്ട് ലക്ഷങ്ങള്‍. ഇതോടെ കരകയറാനാവാത്ത കടത്തിലാണ് നടത്തിപ്പുകാരായ സ്ത്രീകള്‍. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയില്‍ സംരംഭം നടത്തികൊണ്ട് പോകാന്‍ പറ്റാത്ത സ്ഥിതി. അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോള്‍ ഊണിനു വിലകൂട്ടാനാണ് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയത്. വില കൂട്ടിയാലും പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top