സെക്രട്ടറിയേറ്റ് ‘രാവണൻകോട്ട’ ആകുന്നു; പ്രവേശനത്തിനു കടമ്പകൾ ഇങ്ങനെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. പൊതുഭരണ വകുപ്പിലെ കോൺഫിഡൻഷ്യൽ വിഭാഗമാണ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കുന്നതോടെ ഉദ്യോഗസ്ഥരെ കാണാൻ പൊതുജനങ്ങളും ജീവനക്കാരും വലിയ കടമ്പകൾ കടക്കേണ്ട സ്ഥിതിയാണ്.

സെക്രട്ടറിയേറ്റിലെത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖകൾ കൈവശം കരുതണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ജീവനക്കാർക്കുള്ള അധിക സുരക്ഷാ നടപടിക്രമങ്ങളും സർക്കുലറിൽ പ്രതിപാദിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് ആക്സസ് കൺട്രോൾ സിസ്റ്റം വഴി മാത്രമായിരിക്കണം. എല്ലാ വാതിലുകളിലും രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഈ സംവിധാനം പ്രവർത്തനക്ഷമമായിരിക്കണം, കാർഡുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം, ഇതിന്റെ ഉത്തരവാദിത്വം ചീഫ് സെക്യൂരിറ്റി ഓഫീസർക്കാണ്. ഐഡന്റിറ്റി കാർഡ് ഇല്ലാതെ വരുന്ന ആളുകളുടെ വിശദാംശങ്ങൾ റജിസ്റ്ററിൽ എഴുതി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്.

സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചാൽ, നിരീക്ഷണ ക്യാമറകൾ വിവരങ്ങൾ രേഖപ്പെടുത്തും, ആവശ്യമായ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്ന് ഈടാക്കും. ഇതിന്റെ ചുമതല കെൽട്രോണിനാണ്. അടിയന്തിര ഘട്ടങ്ങളിൽ ഓഫ് ചെയ്യാനായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ച് അനാവശ്യമായി ഉപയോഗിക്കുന്നതും, ഓഫ് ചെയ്തിടുന്നതും, ഒന്നിലധികം ആളുകൾ ഒരേസമയം സംവിധാനത്തിലൂടെ കടന്നു പോകുന്നതും, വാതിൽ ബലമായി തുറന്ന് വയ്ക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

സെക്രട്ടറിയേറ്റിത്തെത്തുന്ന എല്ലാ സന്ദർശകർക്കും മാർഗനിർദേശങ്ങൾ പാലിച്ച് ആക്സസ് കൺട്രോൾ കാർഡ് വിഎഫ്സി വഴി നൽകും. സന്ദർശകരുടെ തിരിച്ചറിയൽ കാർഡ് വാങ്ങിവച്ച ശേഷമാകും ആക്സസ് കാർഡ് നൽകുക. സന്ദർശനം പൂർത്തിയായി കഴിയുമ്പോൾ കാർഡ് തിരികെ നൽകണം. കാർഡ് നഷ്ടപ്പെടുത്തിയാൽ 500 രൂപ പിഴ ഈടാക്കും. യഥാർഥ തിരിച്ചറിയൽ രേഖ ഇല്ലാതെ വരുന്നവർക്ക് കാണേണ്ട അയാളുടെ ഉറപ്പിന്മേൽ മാത്രമാകും പ്രവേശനം അനുവദിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top