തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രം; ബിൽ പാര്‍ലമെന്റിൽ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന പാനലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരിക്കണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കേണ്ടത് എന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി മറികടക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കേണ്ടതെന്നാണ് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ സമിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയതീരുമാനത്തിനു പകരം, കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ ബില്ലില്‍ നിയമന പാനലില്‍ ചീഫ് ജസ്റ്റിസില്ല. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിസഭാ അംഗം എന്നിവരാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന പുതിയ പാനല്‍. സെര്‍ച്ച് കമ്മിറ്റിയില്‍ കാബിനറ്റ് സെക്രട്ടറിയും കേന്ദ്രത്തിലെ മറ്റ് രണ്ട് സെക്രട്ടറിമാരും ഉള്‍പ്പെടുമെന്ന് ബില്ലില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റിയാകും പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കായി അഞ്ച് പേരടങ്ങുന്ന പാനല്‍ തയ്യാറാക്കി നല്‍കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top