നിർണായക രേഖ കണ്ടെത്താനായില്ല; ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതിക്കേസിലെ നിർണായക രേഖ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കേസിൻ്റെ അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന അപേക്ഷയും സംസ്ഥാനം സുപ്രീംകോടതിക്ക് കൈമാറി.

കേസിലെ നിർണായക രേഖ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അത് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. വ്യാജമായി ചമച്ച രേഖയെന്ന ആരോപണം ഉള്ള ഈ രേഖ കണ്ടെത്താൻ ധനകാര്യ വകുപ്പിന് പോലും സാധിച്ചിട്ടില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മാസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

അതേസമയം, ജേക്കബ് തോമസിനെതിരെ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് കൈമാറി. രണ്ടര വർഷത്തിൽ അധികമായി നടക്കുന്ന അന്വേഷണത്തിൽ തനിക്കെതിരെ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ജേക്കബ് തോമസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാന്‍ കോടതി നിർദ്ദേശിച്ചത്

ജേക്കബ് തോമസിനെതിരായ ഡ്ര‌ഡ്‌ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. ഹോളണ്ടിലെ കമ്പനിയിൽ നിന്ന് ഡ്ര‌ഡ്‌ജർ വാങ്ങിയതിന്റെ പല വസ്തുതകളും സർക്കാരിൽ നിന്ന് മറച്ചുവച്ചുവെന്നാണ് ഹർജിയിലെ ആരോപണം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 2019-ൽ വിജിലൻസ് ആണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്. പിന്നീട് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ നടപടികളിലും ജേക്കബ് തോമസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അപ്പീലിൽ സർക്കാർ ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top