ആശങ്ക വേണ്ടെന്ന് മന്ത്രി; കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇ – പോസ് സംവിധാനം തകരാറിലായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇതുവരെ 24,000 കിറ്റുകളാണ് വിതരണം ചെയ്തത്. മൂന്നു ലക്ഷത്തിലധികം കിറ്റുകൾ റേഷൻ കടകളിൽ സജ്ജമാണെന്നും നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം നടക്കുമെന്നും മന്ത്രി അറിയിച്ചു.
ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും, പായസം മിക്‌സും കറിപ്പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറിപ്പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം അധികൃതർ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here