ഗ്രഹാം സ്റ്റെയിന്‍സിൻ്റെ നീറുന്ന ഓർമകൾക്ക് കാൽനൂറ്റാണ്ട്; ഇന്നും അവസാനമില്ലാതെ വിദ്വേഷ ആക്രമണങ്ങൾ
ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകൻ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളേയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്. 1999 ജനുവരി 22ന് ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഉള്‍ഗ്രാമമായ മനോഹര്‍പൂരിലാണ് ലോകമനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ ഫിലിപ്പ്(10), തിമോത്തി(7)എന്നിവരെയും അവരുടെ തന്നെ വാഹനത്തിനുള്ളിലിട്ട് തീവെച്ചാണ് കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. മികച്ച പ്രാസംഗികനായ സ്റ്റെയിന്സിന് ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും അറിവുണ്ടായിരുന്നു. 35 വര്‍ഷമായി ഒഡീഷയിലെ ആദിവാസി ഗ്രാമങ്ങളിലും കുഷ്ഠരോഗികള്‍ക്കിടയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തന്റെ ഭര്‍ത്താവ് ഒരിക്കലും മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്ന് സ്റ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവും രണ്ട് മക്കളും കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് മകള്‍ എസ്തറിനൊപ്പം ഒഡിഷയില്‍ തന്നെ തുടര്‍ന്നു. കുഷ്ഠരോഗം ബാധിച്ചവർക്കിടയിലെ പ്രവര്‍ത്തനത്തിന് 2005ല്‍ രാജ്യം ഇവരെ പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.’ലജ്ജ കൊണ്ട് എന്റെ തലകുനിയുന്നു’ എന്നാണ് സ്റ്റയിന്‍സിന്റെ കൊലപാതകത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രതികരിച്ചത്.
ബജ്‌റങ്ദളിൻ്റെ പ്രാദേശിക നേതാവായ ധാരാസിങിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കത്തുന്ന ജീപ്പില്‍ നിന്ന് ആരും പുറത്തു ചാടി രക്ഷപ്പെടാതിരിക്കാന്‍ ശൂലം കൊണ്ട് വാഹനത്തിന്റെ വാതിലുകള്‍ കുത്തിപിടിച്ചിരുന്നു. 1980 മുതല്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് മയൂര്‍ബെഞ്ച് ജില്ലയില്‍ ധാരാസിങ് പ്രവര്‍ത്തിക്കുകയായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ പരമ്പരാഗത ആചാരങ്ങള്‍ ഉപേക്ഷിച്ചതും സാമ്പത്തികമായി മെച്ചപ്പെട്ടതും മറ്റുളളവരില്‍ രോഷമുയര്‍ത്തി. ഈ അസംതൃപ്തി മുതലെടുക്കാന്‍ ധാരസിങിനും കൂട്ടര്‍ക്കും കഴിഞ്ഞു. 1998ല്‍ കാലിക്കടത്ത് ആരോപിച്ച് ഒരു ലോറി ഡ്രൈവറേയും സഹായിയേയും സമാനമായ രീതിയില്‍ തീയിട്ട് കൊല്ലാന്‍ ഈ സംഘം ശ്രമിച്ചിരുന്നു.
ധാരസിങിന് ബജരംഗദള്‍ ബന്ധമില്ല എന്നായിരുന്നു സ്‌റ്റെയിന്‍സിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വാധ്വാ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്തത്. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രതിഷേധിച്ചെങ്കിലും അന്നത്തെ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. പിന്നീട് കോടതി ധാരാസിങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തന്റെ ഭര്‍ത്താവിനെയും മക്കളേയും കൊന്നവരോട് താന്‍ ക്ഷമിച്ചുവെന്നും ആരോടും വെറുപ്പില്ലെന്നും ഗ്ലാഡിസ് വാധ്വാ കമ്മീഷന് മൊഴി നല്‍കി. ഇപ്പോള്‍ മകള്‍ എസ്തറുമൊത്ത് ഗ്ലാഡിസ് ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here