ഗ്രാമി വേദിയില്‍ ചരിത്രം കുറിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്; നാലാം തവണയും ‘ആല്‍ബം ഓഫ് ദി ഇയര്‍’ പുരസ്‌കാരം

66ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച് പോപ് പവര്‍ഹൗസ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ‘മിഡ്‌നൈറ്റ്‌സി’ലൂടെ ഗ്രാമി വേദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ആല്‍ബം ഓഫ് ദി ഇയര്‍ നാലാം തവണയും ടെയ്‌ലര്‍ സ്വിഫ്റ്റ് കരസ്ഥമാക്കി. മ്യൂസിക് ഐക്കണുകളായ ഫ്രാങ്ക് സിനാത്ര, പോള്‍ സൈമണ്‍, സ്റ്റീവ് വണ്ടര്‍ എന്നിവരെ പിന്തള്ളിയാണ് 34കാരിയായ ടെയ്‌ലറിന്റെ പുരസ്‌കാര നേട്ടം. ഗ്രാമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗായിക നാലുതവണ ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജോലി തന്നെയാണ് അവാര്‍ഡ്. ഞാനീ ജോലിയെ ഒരുപാട് സ്‌നേഹിക്കുന്നു. അതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഈ അവാര്‍ഡിനായി എനിക്ക് വോട്ട് ചെയ്തവരെയും ഇത് സന്തോഷിപ്പിക്കും. ഞാന്‍ 100 ശതമാനം ഇഷ്ടപ്പെടുന്ന ഒരു ജോലി ചെയ്യാനുള്ള അവസരം എനിക്കുണ്ടാക്കി തന്നതിന് നന്ദി,’ കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ടെയ്‌ലര്‍ സ്വിഫ്റ്റ് പറഞ്ഞു.

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പത്താമത്തെ സ്റ്റുഡിയോ ആല്‍ബമാണ് ‘മിഡ്നൈറ്റ്സ്’. 2022 ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം ബില്‍ബോര്‍ഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി. യുഎസിലെ മികച്ച ഗാനങ്ങളുടെ ചാര്‍ട്ടില്‍ ഒരേസമയം 10 സ്ഥാനങ്ങളും സ്വന്തമാക്കുന്ന ആദ്യത്തെ കലാകാരിയായി സ്വിഫ്റ്റ് മാറി

ഗ്രാമി വേദിയില്‍ വച്ച് തന്റെ പുതിയ ആല്‍ബമായ ‘ദ ടോര്‍ച്ചഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റി’ന്റെ പ്രഖ്യാപനവും ടെയ്‌ലര്‍ സ്വിഫ്റ്റ് നടത്തി. ഏപ്രില്‍ 19 ന് ആല്‍ബം ആരാധകരിലേക്ക് എത്തും.

ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം മൈലി സൈറസ്, ബില്ലി ഐലിഷ്, ലെയ്നി വില്‍സണ്‍, കൊളംബിയന്‍ പോപ് താരം കരോള്‍ ജി തുടങ്ങിയവരും മറ്റ് പ്രധാന വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടി. ‘ദി മൊമന്റ്‌’ എന്ന ആല്‍ബത്തിലൂടെ സക്കീര്‍ ഹുസൈന്റെയും ശങ്കര്‍ മഹാദേവന്റെയും ബാന്‍ഡ് ആയ ‘ശക്തി’, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടി. സക്കീര്‍ ഹുസൈന്റെ മൂന്നാമത്തെ ഗ്രാമിയാണ് ഇത്. 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 സെപ്തംബര്‍ 15 വരെയുള്ള പാട്ടുകളാണ് പുരസ്‌കാരങ്ങള്‍ക്കായി മത്സരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top