കൊലയാളികളെ മാലയിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം; CPM-BJP ഭായ് ഭായ്; പെരിയ ഇരട്ടക്കൊല –ഗ്രഹാം സ്റ്റെയിന്‍സ് പ്രതികള്‍ക്ക് ഒരേ വരവേല്‍പ്പ്

ഓസ്‌ട്രേലിയന്‍ മിഷണറിയെ ചുട്ടെരിച്ച പ്രതിയേയും പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളേയും യുദ്ധം ജയിച്ചു വന്ന പടയാളികളെ സ്വീകരിക്കും വിധത്തിലാണ് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ വരവേല്‍ക്കുന്നത്. രാഷ്ടീയ പാര്‍ട്ടികള്‍ മാത്രമല്ല, മത സാമുദായിക സംഘടനകള്‍ക്കും ഇതേ നിലപാടാണ് സ്വീകരിക്കാറുള്ളത്. കൊലയാളികള്‍ക്ക് നല്‍കുന്ന ഇത്തരം ഗ്രാന്‍ഡ് റിസപ്ഷന്‍ അപകടകരമായ പൊതുബോധം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് വിട്ടയച്ച ഗ്രഹാം സ്റ്റെയിന്‍സ് വധക്കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിന് ജയിലിന് പുറത്തു നല്‍കിയ സ്വീകരണവും ജയ് ശ്രീറാം വിളികളും അമ്പരപ്പും അറപ്പും ഉളവാക്കുന്നതാണ്.

സമാനമായ രീതിയിലാണ് ഏതാനും മാസം മുമ്പ് പെരിയ ഇരട്ടക്കൊല ക്കേസിലെ സിപിഎമ്മുകാരായ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടര്‍ന്ന് ജെയില്‍ മോചിതരായവരെ മാലയിട്ട് ഈങ്കിലാബ് വിളിച്ച് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തു വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കത്തോലിക്ക ബിഷപ്പുമാര്‍ സ്വീകരണം നല്‍കിയതും നമ്മള്‍ കണ്ടതാണ്. ഹീന കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കു വേണ്ടി ഇമ്മാതിരി സ്വീകരണം നല്‍കുന്നതിന്റെ പിന്നില്‍ സംഘടനകളുടെ ക്രിമിനല്‍ മനസ്സാണ് പ്രകടമാകുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ് ഇത്തരം സ്വീകരണങ്ങള്‍.

25 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് ഹെംബ്രാം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. 1999 ജനുവരി 21 ന് അര്‍ദ്ധരാത്രിയില്‍ ഒഡീഷയിലെ മനോഹര്‍പുര്‍ ഗ്രാമത്തിലെ ഒരു വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് ചുട്ടെരിച്ചത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ ദാരാസിംഗ്, മഹേന്ദ്ര ഹെംബ്രാം എന്നിവര്‍ കാല്‍ നൂറ്റാണ്ടായി തടവ് ശിക്ഷ അനുഭവിക്കയായിരുന്നു. ഇവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് ജയിലിന് മുന്നില്‍ സമരം നടത്തിയത് ബിജെപി എംഎല്‍എ ആയ മോഹന്‍ ചരണ്‍ മാജിയാണ് ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രി.

ഗ്രഹാം സ്റ്റെയിന്‍സിനെ വധിച്ച കേസിലെ ‘പ്രതിയെ ജയ് ശ്രീറാം വിളിച്ച് മാലയിട്ട് സ്വീകരിച്ച് സംഘപരിവാര്‍’ എന്ന വിമര്‍ശനത്തോടെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത കൊടുത്തിരിക്കുന്നത്. ഏതാനും മാസം മുമ്പ് ഇതgപോലെ ഒരു പറ്റം സിപിഎം കൊലയാളികളെ മാലയിട്ട് സ്വീകരിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് രാജകീയ വരവേല്‍പ്പും സ്വീകരണവുമാണ് ജയിലിന് മുന്നില്‍ ഒരുക്കിയത്. പ്രതികളായവര്‍ വിപ്ലവകാരികളും ജനനേതാക്കളുമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിച്ചത്. ‘തടവറകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട’ ജയിലിന് മുന്നില്‍ ഒരുക്കിയ സ്വീകരണത്തില്‍ സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞതാണിത്.

2018 സെപ്റ്റംബറില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ്ജയിലില്‍ കൊണ്ടുവന്നപ്പോള്‍ വിശ്വാസികളും വൈദികരും ബിഷപ്പുമാരും ഉള്‍പ്പടെ നിരവധിപേര്‍ തടിച്ചു കൂടിയിരുന്നു. ബലാത്സംഗക്കേസ് പ്രതിക്ക് പിന്തുണ നല്‍കാനെത്തിയത് സദാചാര സംരക്ഷകരും ധാര്‍മ്മികതയുടെ കാവല്‍ക്കാരുമെന്നൊക്കെ അവകാശപ്പെടുന്ന പുരോഹിതരാണെന്ന കാര്യം എടുത്തു പറയേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top