സംസ്ഥാനത്ത് തൂക്കി കൊന്നിട്ടുള്ളത് 26പേരെ; 34 വര്‍ഷത്തിനിടെ ശിക്ഷ നടപ്പാക്കിയിട്ടില്ല; അവസാനം തൂക്കിയത് റിപ്പര്‍ ചന്ദ്രനെ
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇതുവരെ വധശിക്ഷക്ക് വിധേയരാക്കിയത് 26 പേരെ. എല്ലാം കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലായിരുന്നു. 1958ലാണ് കേരളം രൂപീകൃതമായ ശേഷം ഒരു വധശിക്ഷ നടപ്പാക്കിയത്. 1960-63 കാലഘട്ടത്തില്‍ അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായും രേഖകളില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ രേഖമൂലം നല്‍കിയതാണ് ഈ വിവരങ്ങള്‍.
ആവസാനമായി ഒരു വധശിക്ഷ കേരളത്തില്‍ നടപ്പിലായത് 1991ലാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കി കൊന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. അതിനുശേഷം പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. നിലവില്‍ 39 പേര്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നുണ്ട്. ഷാരോണ്‍ രാജ് വധക്കേസില്‍ വധശിക്ഷ ലഭിച്ച ഗ്രീഷ്മ കൂടി എത്തുന്നതോടെ അത് 40 ആകും. പല കേസുകളിലും വിവിധ കോടതികള്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. മേല്‍ക്കോടതികള്‍ വധശിക്ഷ റദ്ദാക്കിയിട്ടുമുണ്ട്.
പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ്. ഇത്തരത്തില്‍ വധശിക്ഷ വിധിച്ചാലും മേല്‍കോടതികളില്‍ അപ്പീലും രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കാന്‍ പ്രതിക്ക് അവസരമുണ്ട്. ഇതിലെല്ലാം വധശിക്ഷ ശരിവച്ചാല്‍ മാത്രമേ ഒരു കുറ്റവാളിയെ തൂക്കുമരത്തിലേക്ക് എത്തിക്കുകയുള്ളൂ. കണ്ണൂരിലും പൂജപ്പുരയിലുമാണ് വധശിക്ഷ നടപ്പാക്കാനുള്ള സൗകര്യമുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here