‘ഗ്രീഷ്മക്ക് വധശിക്ഷ നൽകണം, അമ്മയെ വെറുതെ വിടരുതായിരുന്നു’; കോടതി വിധിയില്‍ അതൃപ്തിയുമായി ഷാരോണിൻ്റെ കുടുംബം

പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയെ വെറുതേ വിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി ഷാരോണിൻ്റെ കുടുംബം. ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു ഷാരോണിൻ്റെ അമ്മയുടെയും അച്ഛന്‍റെയും പ്രതികരണം.


ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്ന് ഷാരോണിൻ്റെ അമ്മ പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്നും പ്രിയ  പറഞ്ഞു. മൂന്ന് പേരെയും ശിക്ഷിക്കണമായിരുന്നു. തുടർ നടപടികളെക്കുറിച്ച് ശിക്ഷാ നടപടികൾ വന്നശേഷം തീരുമാനമെടുക്കുമെന്നും ഷാരോണിൻ്റെ അമ്മ അറിയിച്ചു. സിന്ധുവിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജും പറഞ്ഞു.


മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മ കുമാരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കാമുകിയായിരുന്ന ഗ്രീഷ്‌മ കൊലപ്പെടുത്തിയെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടത്. വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Also Read: കാമുകനെ കഷായം നല്‍കി കൊന്ന കേസിൽ ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതേവിട്ടു; ശിക്ഷ നാളെ വിധിക്കും

2022 ഒക്‌ടോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് ഒരു പട്ടാളക്കരനുമായി വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top