കാമുകന് കഷായത്തിൽ വിഷം: ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം, വിചാരണ നീളുന്ന സാഹചര്യത്തിൽ
കൊച്ചി: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്നത് കണക്കിലെടുത്താണ് ജാമ്യം. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽവെയ്‌ക്കേണ്ടെന്നു കോടതി വിലയിരുത്തി.
അതേസമയം, വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കേസിലെ മറ്റുപ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2022 ഒക്ടോബർ 14-നാണ് ഷാരോണിനെ തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകി ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാമുകനു വിഷം കൊടുത്തു കൊന്നതാണെന്ന് ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്. കൊലപാതകം, തെളിവു നശിപ്പിക്കൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ ആസൂത്രിത കൊലപാതകം നടത്തിയതെന്ന് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും ഹാർപ്പിക്ക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here