എട്ടുമാസത്തിനിടെ രണ്ട് സ്ത്രീകള്‍ക്ക് അടക്കം നാലുപേർക്ക് വധശിക്ഷ; എല്ലാം വിധിച്ചത് സഹൃദയനായ ജഡ്ജി എഎം ബഷീര്‍
പ്രണയം ദുരന്തമായി മാറിയ നെയ്യാറ്റിൻകര ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ വധശിക്ഷക്കൊപ്പം ശ്രദ്ധേയനാകുകയാണ് വിധി പ്രസ്താവിച്ച ജഡ്ജി എഎം ബഷീറും. പ്രായം, പഠനം ഇതെല്ലാം ഉന്നയിച്ച് പരമാവധി ശിക്ഷ കുറയ്ക്കാനുള്ള പ്രതിയുടെ നീക്കങ്ങള്‍ എല്ലാം പൊളിച്ചാണ് വിധി പ്രസ്താവം ഉണ്ടായത്. കൂടാതെ കൊല്ലപ്പെട്ട ഷാരോണ്‍രാജിന്റെ കുടുംബത്തെ കോടതി മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വൈകാരികമായ അന്തരീക്ഷത്തിൽ തൂക്കുകയര്‍ പ്രഖ്യാപിച്ചതും അപൂർവതയായി.
ഗ്രീഷ്മക്ക് പരമാവധി ഇരട്ട ജീവപര്യന്തം വരെയാണ് പല നിയമവിദഗ്ധരും പ്രവചിച്ചത്. വധശിക്ഷ നല്‍കുക മാത്രമല്ല, എന്തുകൊണ്ട് ശിക്ഷ എന്ന് വിശദമാക്കിയാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. എട്ടുമാസത്തിനിടെ നാലാമത്തെ പ്രതിക്കാണ് സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീര്‍ വധശിക്ഷ എന്ന പരമാവധി ശിക്ഷ വിധിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് ഇതിന് മുൻപ് വധശിക്ഷ വിധിച്ചത്.
ഒരുകേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച കേരളത്തിലെ ഏക കേസായിരുന്നു ഇത്. വയോധികയെ കൊന്ന് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ റഫീഖാ ബീവി, കൂട്ടുപ്രതികളായ അല്‍ അമീന്‍, മൂന്നാം പ്രതി റഫീക്ക ബീവിയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കാണ് അന്ന് വധശിക്ഷ കിട്ടിയത്. ഇപ്പോള്‍ ഗ്രീഷ്മയ്ക്കും വധശിക്ഷ വന്നതോടെ കേരളത്തില്‍ തൂക്കുകയർ കാത്ത് കിടക്കുന്ന രണ്ട് സ്ത്രീകള്‍ക്കും അത് വിധിച്ചത് ഒരേ ജഡ്ജിയാണെന്ന പ്രത്യേകതയായി.
നീതി നിര്‍വഹണത്തില്‍ കടുപ്പക്കാരനെങ്കിലും സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയനാണ് എഎം ബഷീര്‍. ന്യായാധിപന്മാരിലെ സാഹിത്യകാരനാണ് ഇദ്ദേഹം. തെമിസ് എന്ന കുറ്റാന്വേഷണ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉറുപ്പ, പച്ച മനുഷ്യന്‍, റയട്ട് വിഡോസ് എന്നീ നോവലുകളും ‘ഒരു പോരാളി ജനിക്കുന്നു’ എന്ന കഥാസമാഹാരവും ‘ജംറ’ എന്ന സഞ്ചാരസാഹിത്യ കൃതിയും ഇദ്ദേഹത്തിൻ്റേതായി പുറത്തുവന്നിട്ടുണ്ട്.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ എഎം ബഷീര്‍ 2002ലാണ് ജുഡീഷ്യൽ സർവീസിൽ എത്തിയത്. തുടര്‍ന്ന് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ പലയിടങ്ങളിൽ ജോലി ചെയ്തു. 2018ൽ സബ് ജഡ്ജിയായിരിക്കെ എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ സെക്രട്ടറിയായിരുന്ന് നടത്തിയ ഇടപെടലുകൾ ശ്രദ്ധയമായിരുന്നു. പരമ്പരാഗത ന്യായാധിപ റോളുകൾക്ക് പുറത്തേക്കിറങ്ങി പ്രവർത്തിച്ചത് പലരുടെയും നെറ്റിചുളിച്ചതാണ്. നേരത്തെ കേരള നിയമസഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here