ഗ്രീഷ്മയുടെ ശിക്ഷ ഇന്നറിയാം; കാമുകനെ കഷായത്തില്‍ കീടനാശിനി നല്‍കി കൊന്നുവെന്ന് കേസ്
പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുക. കഷായത്തില്‍ കീടനാശിനി നല്‍കി കാമുകനെ കൊന്നു എന്ന കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ , മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
ഇന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട ശേഷമാകും ശിക്ഷാവിധിയിലേക്ക് കോടതി കടക്കുക. പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് ലഭിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയിരുന്നു കൊലപാതകം, തട്ടിക്കൊണ്ടു പോയി അപായത്തില്‍പ്പെടുത്തല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ കഴിഞ്ഞതാണ് ഈ ആത്മവിശ്വാസത്തിന് കാരണം. മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവു നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. സൈനികനുമായി വിവഹം ഉറപ്പിച്ചതോടെ കാമുകനെ ഒഴിവാക്കാനാണ് കൊല നടത്തിയത്. പലവട്ടം കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ അമിതമായ അളവില്‍ പാരസെറ്റമോള്‍ ഗുളിക പൊടിച്ച് ചെര്‍ത്ത് കുടിപ്പിച്ചു. എന്നാല്‍ ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കീടനാശിനി നല്‍കിയത്.
മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാല്‍ അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് വെളിപ്പെടുത്തി. ഇതാണ് നിര്‍ണ്ണായകമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here