കിടപ്പറ ദൃശ്യം പകര്‍ത്തി; ഭീഷണിപ്പെടുത്തി; ആത്മഹത്യക്ക് സാഹചര്യം ഉണ്ടാക്കി; ഷാരോണിനെതിരെ ഗ്രീഷ്മയുടെ കഥകള്‍

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധിയില്‍ വാദം നടക്കുമ്പോള്‍ ഗ്രീഷ്മ ഉന്നയിച്ചത് പലവിധ വാദങ്ങള്‍. പഠിക്കണമെന്നും പ്രായം കുറവാണെന്നും കത്തായി എഴുതി നല്‍കിയ ശേഷമാണ് തൻ്റെ അതിക്രമത്തിൽ ദാരുണമായി മരിച്ച ഷാരോണിനെതിരെ രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ചത്. ലൈംഗികമായി തന്നെ ചൂഷണം ചെയ്തു, ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചു, ഇതുകാട്ടി ഭീഷണിപ്പെടുത്തി എന്നിങ്ങനെ ആയിരുന്നു ഗ്രീഷ്മയുടെ അറ്റകൈ പ്രയോഗങ്ങൾ.

ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഷാരോണ്‍ ചെയ്തത്. ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചു. എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. ബന്ധം ഉപേക്ഷിച്ചാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കുന്ന അവസ്ഥയിലെത്തി. വിചാരണക്കിടെ ഗ്രീഷ്മ ആത്മഹത്യാ പ്രവണത കാണിച്ചതായും പ്രതിഭാഗം വാദിച്ചു. ഷാരോണിന് സാമൂഹികവിരുദ്ധ പശ്ചാത്തലമുണ്ടെന്നും കൂടി ആരോപണം ഉയര്‍ത്തി.

പ്രതിഭാഗത്തിൻ്റെ ആരോപണങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വെട്ടുകാട് പള്ളിയില്‍ വച്ച് താലികെട്ടുകയും തൃപ്പരപ്പിലെ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കുയും ചെയ്തിരുന്നു. ഗ്രീഷ്മ തന്നെ ഷാരോണിന് അയച്ച സ്വകാര്യ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട് എന്നും കോടതിയെ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ആരംഭിച്ചത്.

ഇനി ആകാംക്ഷ കോടതി എന്ത് ശിക്ഷ വിധിക്കും എന്നതിലാണ്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായര്‍ എന്നിവരുടെ ശിക്ഷ മറ്റന്നാളാണ് കോടതി വിധിക്കുക. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top